മാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവ്വത സ്‌ഫോടനം; ഒഴുകി നിറയുന്ന ലാവയുടെ കാഴ്ചകൾ.! വീഡിയോ

ഏതാനും മാസങ്ങൾക്ക് മുൻപാണ് ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് വാർത്തകളിൽ നിറഞ്ഞത്. അന്ന് ഒരു വീട് മാത്രം ലാവ ചുറ്റും ഒഴുകിപ്പരന്ന നിലയിൽ നിലനിൽക്കുന്ന കാഴ്ച എല്ലാവരും ഏറ്റെടുത്തിരുന്നു. എന്നാൽ അന്നത്തെ അവസ്ഥയല്ല ഇന്ന്. സെപ്റ്റംബറിൽ ഉണ്ടായ പൊട്ടിത്തെറിയിൽ കാനറി ദ്വീപിന്റെ 2700 ഏക്കർ ലാവയിൽ മൂടിയിരിക്കുകയാണ്.

ഇത് ദ്വീപിലെ ജനജീവിതം സ്തംഭിപ്പിക്കുക മാത്രമല്ല, റോഡുകളെയും വീടുകളെയും തോട്ടങ്ങളെയും സാരമായി ബാധിച്ചു. മലനിരകളിലൂടെ ഒഴുകുന്ന ലാവ മൂവായിരത്തോളം ആളുകളെ അടക്കം ചെയ്ത പ്രാദേശിക സെമിത്തേരിയെയും മൂടി ഒഴുകി പരക്കുകയാണ്. പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും 10 ആഴ്ചകൾ പിന്നിട്ടെങ്കിലും അഗ്നിപർവ്വത സ്ഫോടനത്തിന് ശമനമുണ്ടായിട്ടില്ല.

മാത്രമല്ല, ഇതിനോടകം 80 ലധികം ഭൂചലനങ്ങളും ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇപ്പോളും ഒഴുകി പരക്കുന്ന ലാവയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച സമയം മുതൽ 11 വ്യത്യസ്ത ലാവാ പ്രവാഹങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. വിദഗ്ധരുടെ അഭിപ്രായത്തിൽ, അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത് 2-3 മാസം കൂടി തുടരും എന്നാണ്.

വീടുകളും റോഡുകളും വൈദ്യുതി ലൈനുകളും തകർന്നു കിടക്കുകയാണ് ഇപ്പോഴും. ദ്വീപിന്റെ ഭൂരിഭാഗവും അഗ്നിപർവ്വത സ്ഫോടനങ്ങളാൽ തകർന്നില്ലെങ്കിലും എല്ലായിടത്തും ഭൂചലനം അനുഭവപ്പെട്ടു. എന്തായാലും ആർക്കും അപകടമുണ്ടാക്കാതെ പൊട്ടിത്തെറിയുടെ സമയം തന്നെ ഏഴായിരത്തോളം ആളുകളെ മാറ്റി പാർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here