
തലക്കെട്ട് വായിക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും പറഞ്ഞുവരുന്നത് ഓസ്‌ട്രേലിയയിലെ ക്രിസ്‌മസ് ദ്വീപിനെക്കുറിച്ചുള്ള വിവരങ്ങളാണ്. ക്രിസ്മസ് ദ്വീപിലെത്തിയാൽ ഇപ്പോൾ ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളെയാണ് കാണാൻ കഴിയുക.
ഈ ദ്വീപിൽ എവിടെ നോക്കിയാലും ഇത്തരത്തിൽ ഞണ്ടുകളെ കാണുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. സാധാരണയായി നവംബർ മാസങ്ങളിലാണ് ഇവിടെ ഇത്രയധികം ഞണ്ടുകളെ കാണുന്നത്. ഇത് ഞണ്ടുകളുടെ പ്രജനന കാലമാണ്.

അതിനാൽ പ്രജനനത്തിനായി സമുദ്രത്തിലേക്ക് നീങ്ങുന്ന ഞണ്ടുകളെയാണ് ഇവിടെ കാണുന്നത്. എല്ലാ വർഷവും നവംബറിലോ ഒക്ടോബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷമാണ് ഞണ്ടുകളെ ഇത്തരത്തിൽ കാണുന്നത്. ഈ കാലഘട്ടത്തിൽ വനത്തിൽ നിന്നും ഇവ കൂട്ടമായി
സമുദ്രത്തിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരിൽ കൗതുകമായി മാറുന്നത്. ഏകദേശം അഞ്ച് കോടിയോളം ഞണ്ടുകളെ ഇവിടെ ഈ സമയത്ത് കാണാനാകും. ദ്വീപിൽ വലിയ രീതിയിൽ കാണുന്ന ഈ ചുവപ്പൻ ഞണ്ടുകളെ കാണുന്നതിനായി നിരവധി ആളുകളും ഇങ്ങോട്ടേക്ക് എത്താറുണ്ട്.

എന്നാൽ ഞണ്ടുകളുടെ സുരക്ഷിതത്വവും മറ്റും കണക്കിലെടുത്ത് ഞണ്ടുകളുടെ കുടിയേറ്റത്തിന് മുൻപ് തന്നെ അവയ്ക്കുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കും. ഇവയ്ക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായി തുരങ്കങ്ങളും പാലങ്ങളും വരെ നിർമിച്ചിട്ടുണ്ട്.
ഞണ്ടുകൾ ധാരാളമായി പുറത്തിറങ്ങുന്ന സമയത്ത് ഇതിലൂടെയുള്ള വാഹനങ്ങളും നിരോധിക്കും. ഇവ വണ്ടിയുടെ ടയറിന് അടിയിൽപെട്ടാൽ പുറംതോടിന് കട്ടിയുള്ളതിനാൽ ടയർ പഞ്ചറാകാനും സാധ്യതയുണ്ട്.