പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി; ദമ്പതികള്‍ ആകാശത്തുനിന്ന് കടലില്‍ പതിക്കുന്ന ദൃശങ്ങൾ വൈറൽ

പാരസെയ്‌ലിങ് നടത്തുന്നതിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികള്‍ കടലില്‍ പതിച്ചു. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സര്‍ല കതാട് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ദിയുവിലെ നരോവ ബീച്ചില്‍ ഞായറാഴ്ചയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അജിത്തിന്റെ സഹോദരന്‍ രാകേഷാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പാരസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിനെ പവര്‍ ബോട്ടുമായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. വടംപൊട്ടിയതോടെ ദമ്പതികള്‍ ആകാശത്തേക്ക് ഉയര്‍ന്നുപോയി.

അപകടത്തിന് മുമ്പ് വടത്തിന്റെ അവസ്ഥ ബോട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് അവര്‍ പറഞ്ഞതായി രാകേഷ് പറയുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടത്. ലൈഫ് ജാക്കറ്റ് ധരിച്ചതാണ് ഇവര്‍ക്ക് രക്ഷയായത്. കടലില്‍ വീണ ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.

ശക്തമായ കാറ്റ് മൂലമാണ് അപകടം ഉണ്ടായതെന്നാണ് പാരസെയ്‌ലിങ് നടത്തുന്ന പാംസ് അഡ്വഞ്ചര്‍ ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട് ഉടമ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാനായാണ് ദമ്പതികള്‍ ദിയുവിലെത്തിയത്. പാരാസെയ്ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിതും കുടുംബവും ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here