ഈ ചെറുപ്പക്കാരന്റെ മനോധൈര്യത്തെ ഒരു ക്യാൻസറിനും കവർന്നെടുക്കാൻ ആകില്ല; വൈറൽ കുറിപ്പ്

സോഷ്യൽ ലോകത്തു വൈറലാകുന്ന പ്രഭുവിന്റെ കുറിപ്പ് ഇങ്ങനെ;

ഇന്നെന്റെ ഒന്നാം പിറന്നാളാണ്. പുതിയൊരു എന്നിലേക്ക് പിച്ചവെച്ചു തുടങ്ങിയതിന്റെ ഒന്നാം വാർഷികം…തളർന്നൊടുങ്ങാൻ സാഹചര്യങ്ങളേറെയുണ്ടായിരുന്നെങ്കിലും, ആത്മവിശ്വാസത്തിന്റെ ഭ്രൂണത്തിൽ നിന്ന് ജനിച്ചുയർന്ന് പരാജയപ്പെടുത്താൻ ശ്രമിച്ച കാലത്തിന്റെ നെറുകയിൽ ചവിട്ടി നിന്ന് സ്വത്വബോധത്തിന്റെയും ആത്മധൈര്യത്തിന്റെയും കൂട്ടുപിടിച്ച് എന്റെ പുതുജീവൻ തുടിച്ചു തുടങ്ങിയതിന്റെ വാർഷികം…

ഓട്ടോബോക്കിന്റെ സഹായത്തോടെ ഒരു വർഷം മുൻപ് ജീവിതത്തിലേക്ക് പിച്ചവെച്ച് തുടങ്ങുമ്പോൾ പുതിയൊരു പ്രഭു ജനിക്കുകയായിരുന്നു. ചുവടുകൾ പിഴച്ചിട്ടുണ്ട്, തട്ടി വീണിട്ടുണ്ട്, പോറലുകളേറ്റിട്ടുണ്ട്, ചോര പൊടിഞ്ഞിട്ടുണ്ട്, വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, നൊന്തുനീറിയിട്ടുണ്ട്. അപ്പോഴും ജേതാവിന്റെ വീര്യം മാത്രമായിരുന്നു മനസിൽ. ക്യാൻസറിനെ ജയിച്ചവന്റെ വീര്യം. വെപ്പുകാലിൽ ജീവിതം ഒടുങ്ങിപ്പോകുമെന്ന് തോന്നിപ്പോയ നിമിഷങ്ങളിൽ ഉളളിലേക്കോടിയെത്തിയത് വാശിക്കാരനായൊരു വിദ്യാർത്ഥിയുണ്ടായിരുന്നു പണ്ട് അസീസി സ്കൂളിൽ… പങ്കെടുക്കുന്ന മത്സരങ്ങളിലൊക്കെയും സമ്മാനങ്ങൾ നേടിയ ഒരുവൻ… പരാജയങ്ങളൊക്കെയും മുന്നോട്ടുള്ള ചവിട്ടുപടി കളെ കണ്ട് ഓരോ തവണയും മത്സരക്കളങ്ങൾ കീഴടക്കുമ്പോഴും ഉള്ളിലെ തീ ആളിക്കത്തിയതല്ലാതെ ഊതിക്കെടുത്താൻ കാലത്തിനു പോലും കഴിഞ്ഞിട്ടില്ല.

കാലം ക്യാൻസറിന്റെ രൂപത്തിൽ വന്ന് വലതു കാലെടുത്തപ്പോഴും, നെഞ്ചോട് ചേർത്തു പിടിച്ച ആഗ്രഹങ്ങളൊക്കെയും കൺമുന്നിൽ നിന്ന് അടർന്നൂർന്ന് വീണത് കണ്ടു നിൽക്കേണ്ടി വന്നപ്പോഴും ഉള്ളിലെ പഴയ കായിക താരം വീണ്ടുമൊന്ന് ഉയിർത്തെഴുന്നേറ്റതല്ലാതെ എരിഞ്ഞമർന്നിട്ടില്ല. ഒരിക്കലുമൊരു ക്യാൻസർ രോഗിയായി സമൂഹത്തിൽ നിന്ന് മാറിനിൽക്കാൻ ഞാനാഗ്രഹിച്ചിട്ടില്ല. ഒരു സഹതാപവാക്കുകളും ചെവിക്കൊണ്ടിട്ടുമില്ല. സ്വയം പര്യാപ്തത ആത്മവിശ്വാസത്തിന്റെ ആക്കം കൂട്ടുമെന്ന തിരിച്ചറിവുള്ളതിനാൽ ചുവടുപിഴയ്ക്കില്ല എന്ന വിശ്വാസത്തോടെ അതിരാവിലെ എഴുന്നേറ്റ് ഒരു ഗ്രാമത്തിൽ മുഴുവൻ പത്രമെത്തിക്കാൻ എന്നെക്കൊണ്ട് സാധിക്കുന്നുണ്ട്. സാധാരണ ചെറുപ്പക്കാർ ചെയ്യുന്നതു പോലെ ജിമ്മിൽ മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യുന്നുണ്ട്. എങ്കിലും സ്ഥിരവരുമാനമുള്ളാരു ജോലി ഏതൊരു യുവാവിനെപ്പോലെയും എന്റെയും സ്വപ്നമാണ്.

ആഗ്രഹങ്ങളേറെയുണ്ട്. ഓരോന്നോരാന്നായി എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഞാനിന്ന്. കാലിടറിയപ്പോൾ ചേർത്തു പിടിച്ച കുടുംബത്തോടും സുഹൃത്തുക്കളോടും ഡോക്ടർമാരോടും നല്ല മനസ്സുകളോടും ഒരായിരം നന്ദി.ക്യാൻസർ കവർന്നെടുന്ന നല്ല നാളുകൾ കാലം തിരിച്ചു തരുമെന്ന് പ്രതീക്ഷയിൽ ഞാൻ നടന്നു തുടങ്ങുകയാണ്…

LEAVE A REPLY

Please enter your comment!
Please enter your name here