ഓർക്കുക ഭാര്യ വീടല്ല സ്വന്തം വീടാണതും; ഭാര്യയുടെ അച്ഛനും അമ്മയും അല്ല, സ്വന്തം അച്ഛനും അമ്മയും യെന്നും; വൈറലായി കുറിപ്പ്

230187880 4162991620457831 3680697698319285016 n

ഭാര്യവീട്ടിൽ താമസിക്കുന്നു എന്നു പറഞ്ഞാൽ എന്തോ കുറച്ചിലാണെന്നു കരുതുന്നവർ ഇന്നും നമുക്കു ചുറ്റുമുണ്ട്. ഒരായുസ്സ് മുഴുവൻ ഭർതൃ​ഗൃഹത്തിൽ നിൽക്കുന്നത് നിൽക്കുന്നത് സ്വാഭാവികമായി തോന്നുകയും തിരിച്ച് സംഭവിക്കുന്നതിൽ അസ്വാഭാവികത കണ്ടെത്തുകയും ചെയ്യുന്നവർ. എന്നാൽ ഭാര്യവീട് എന്നു പോലും പറയേണ്ടതില്ലെന്നും സന്തോഷത്തോടെ സ്വന്തം വീടായി ഭാര്യാ​ഗൃഹത്തിൽ പോകുന്നതിനെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷെബിൻ മുഹമ്മ​ദ് എന്ന യുവാവാണ് ഇതുസംബന്ധിച്ച മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്…

കുറിപ്പിലേക്ക്…

പണ്ടെപ്പോഴോ എവിടെയോ വായിച്ച ഈ വരികൾ ആണിത്… നമ്മുടെ വീട് കഴിഞ്ഞാൽ ഏത് പാതിരാത്രിയിലും ഒട്ടും അമാന്തിക്കാതെ കയറി ചെല്ലാവുന്ന ഒരേയൊരു വീട് ഈ ലോകത്തിൽ ഉണ്ടെങ്കിൽ അത് നമ്മുടെ ഭാര്യമാരുടെ വീടാണ്… എൻ്റെ കളികൂട്ടുകാർ അടങ്ങുന്ന ഒരു wtsapp കൂട്ടായ്മ ഉണ്ട്, പലപ്പോഴും അവർ എന്നെ കളിയാക്കാൻ തമാശക്ക് പറയുന്ന ഒരു കാര്യമുണ്ട്, നാട്ടിൽ വന്നാൽ ഷെബിനെ കാണാൻ ആനക്കാംപൊയിലിൽ പോകണം. അതെ എൻ്റെ പ്രിയസഖിയുടെ നാടാണ് ഈ പറഞ്ഞ സ്ഥലം… അവർ പറഞ്ഞത് ശരിയാണ് ഞാൻ നാട്ടിലുള്ളപ്പോൾ ആഴ്ചയിൽ മിക്കവാറും രണ്ട് ദിവസം ആനക്കാംപൊയിലിലെ വീട്ടിലായിരിക്കും അത് പറയാൻ എനിക്കൊരു കുറച്ചിലും ഇല്ല…

എല്ലാ ആണുങ്ങൾക്കും നമ്മുടെ ഭാര്യമാർ നമ്മുടെ അച്ഛനമ്മമാരെ സ്വന്തം അച്ഛനമ്മമാരെപോലെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം, നല്ല കാര്യമാണ് എന്നാലും നമ്മളിൽ എത്രപേർ നമ്മുടെ ഭാര്യയുടെ അച്ഛനെയും, അമ്മയെയും സ്വന്തം പോലെ കരുതുന്നുണ്ട്? എത്ര പേര് ഭാര്യ വീട് എന്ന് പറയാതെ സ്വന്തം വീടായി കാണുന്നവർ ഉണ്ട്? ദിവസവും ഒരു ഉപാധികളും ഇല്ലാതെ അവിടുത്തെ അച്ഛനെയും അമ്മയെയും ഫോൺ വിളിച്ച് കര്യങ്ങൾ അന്വേഷിക്കുന്നുണ്ട്? നമ്മളിൽ എത്രപേർ മരുമോൻ എന്ന മേലങ്കിപട്ടം ധരിക്കാതെ ഒരു മകനായി ആ വീട്ടിലേക്ക് കയറി പോകുന്നവര് ഉണ്ട്? അവിടുത്തെ അടുക്കളയിൽ പോയി ഉമ്മയുടെ കയ്യിൽ നിന്നും ചുട്ടെടുക്കുന്ന മധുര പലഹാരങ്ങൾ ചൂടാറുന്നതിന് മുൻപ് വാങ്ങി കഴിക്കുന്നവർ ഉണ്ട്? അടുക്കളയിലോ, ഹാളിലോ ഇരുന്ന് അനിയത്തികുട്ടിമാരും, അളിയന്മാരുമായി അന്താക്ഷരി മത്സരവും, ഡാൻസും കളിച്ചവർ ഉണ്ട്?

എത്രപേർ അവിടുത്തെ അച്ഛനെയും അമ്മയെയും പുറത്ത് പോകുമ്പോൾ കൂടെ ബീച്ചിലും, സിനിമക്കും കൊണ്ടുപോയിട്ടുണ്ട്? ഭാര്യാ വീടിൻ്റെ അയൽ വീട്ടുകാരും, നാട്ടുകാരുമായി ആത്മാർത്ഥായി സൗഹൃദ ബന്ധം സൂക്ഷിക്കുന്നവർ ഉണ്ട്? എല്ലാരും ഇല്ലെങ്കിലും ഞാനിതൊക്കെ പറയുമ്പോൾ പലരുടെയും നെറ്റി ചുളിയും, അയ്യേ ഭാര്യവീട്ടിൽ പോയി അവിടുത്തെ അടുക്കളയിൽ ഇരിക്കുകയോ… പലർക്കും ഇപ്പോഴും നമൂടെ ഭാര്യവീട് അന്യ വീടാണ്, എന്തെങ്കിലും ആഘോഷങ്ങൾക്ക് മാത്രം പലഹാരപ്പൊതിയുമായി പോകാൻ പറ്റുന്ന, വിവാഹം പോലുള്ള കര്യങ്ങൾ വരുമ്പോൾ വീട്ടിലെ ‘മൂത്ത മരുമോൻ’ എന്ന് പറഞ്ഞു ‘ഷോ’ കാണിക്കാൻ പറ്റുന്ന, മാസങ്ങൾക്കപ്പുറം പേരിന് വേണ്ടി ഒന്ന് വന്നു തലകാണിച്ചു പോകുന്ന, ഇനി എങ്ങാനും ഒരു ദിവസം താമസിക്കേണ്ടി വന്നാൽ സൂര്യന് ഉദിക്കുന്നതിനും, കോഴി കൂവുന്നതിനും മുൻപ് വണ്ടി എടുത്ത് തിരിച്ചു നാട്ടിലേക്ക് പറക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും.

241688612 4274057919351200 7571911749519802381 n

ഭാര്യ വീട്ടിൽ ഇടക്കിടെ പോകുന്നത് പലർക്കും വലിയ നാണക്കേടാണ്, ഞാൻ കഴിഞ്ഞ ദിവസം ഭാര്യവീട്ടിൽ ആണ് താമസിച്ചത് എന്ന് തൻ്റെ കൂട്ടുകാരോട് പറയുന്നത് പലർക്കും നാണക്കേടാണ് അങ്ങനെ നാണിച്ചു, പാത്തും പതുങ്ങിയും, നാട്ടുകാരെയും,കൂട്ടുകാരെയും , തൻ്റെ വകയിലുള്ള അമ്മവനേപോലുള്ള സകല ബന്ധുക്കളെയും ബോധിപ്പിച്ച് പേരിന് പോയി ഒരു പണിയും ഇല്ലെങ്കിലും നേരം വെളുക്കും മുമ്പേ തിരിച്ചു വരേണ്ട ഒരു സ്ഥലമാണോ ഭാര്യാവീട്? നമ്മളെ അത്രക്കും അസ്വസ്ഥർ ആക്കുന്നവരാണോ അവിടെയുള്ളത്? പലരും ഞാനെൻ്റെ ഭാര്യവീട്ടിൽ പോയിട്ട് ഒരു വർഷമായി എന്ന് വലിയ അഹങ്കാരത്തോടെയും, ഞാനെൻ്റെ ഭാര്യവീട്ടിൽ പോയാൽ ജസ്റ്റ് ഒരു കട്ടൻചായ കുടിച്ചു അടുത്ത വണ്ടിക്ക് തന്നെ തിരിച്ചു വന്നു എന്നൊക്കെ വലിയ എന്തോ സംഭവം പോലെ പറയുന്നത്, കേൾക്കുമ്പോൾ ആശ്ചര്യം തോന്നും.

നമ്മൾ എല്ലാ ആണുങ്ങളെയും പോലെ താൻ ജനിച്ച്, പിച്ചവെച്ചു, പഠിച്ച്, സ്വപ്നം കണ്ട്, വളർന്നു വന്ന്, ജീവിതത്തിൻ്റെ പകുതിയാകുമ്പോൾ എല്ലാമെല്ലാമായ അച്ഛനെയും, അമ്മയെയും, വീടും കുടുംബവും വിട്ട് നമ്മുടെ കയ്യും പിടിച്ചു നമ്മുടെ വീട്ടിൽ വന്നു നമ്മുടെ സ്വന്തമായതെല്ലം തൻ്റെയും സ്വന്തമാണ് എന്ന് നൂറ് ശതമാനം വിശ്വസിച്ചു നമ്മുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന ഭാര്യമാരുടെ വീടും നമ്മുടെ സ്വന്തം വീടുപോലെ കാണാൻ എന്തിനാണ് നമ്മൾക്ക് നാണക്കേട്? അവിടുത്തെ അച്ഛനും, അമ്മയും കേവലം ആണ്ടിലൊരിക്കൽ ആരെയോ ഭോധിപ്പിക്കാനെന്ന രീതിയിൽ വന്ന് കാണേണ്ടവർ ആണോ? അല്ല എന്ന് ഉച്ചത്തിൽ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഒരു പരാതിയും ഇല്ലാതെ നമ്മുടെ ഭാര്യമാർ നമ്മുടെ മാതാപിതാക്കളെ നോക്കും, തിരിച്ചു നമ്മളും ഒരു ഉപാധികളും ഇല്ലാതെ അവരുടെ മാതാപിതാക്കളെയും ചേർത്ത് നിർത്തണം എന്ന് മാത്രം…

143143376 3637824979641167 4530221867989038783 n

99കളിലെ ‘ഭാര്യവീട്ടിൽ പരമസുഖം’ പോലുള്ള ചില മലയാള സിനിമകൾ പ്രബുദ്ധരായ മലയാളികളെ ഭാര്യവീട്ടിൽ പോകുകയും, താമസിക്കുകയും ചെയ്യുന്നത് എന്തോ വൻ പാപ മായി അവതരിപ്പിച്ചത് ഇപ്പോഴും നെഞ്ചിലേറ്റി ജീവിക്കുന്നവരാണ് ഭൂരിപക്ഷം ആണുങ്ങളും. പെണ്ണുങ്ങൾ എല്ലാ വിട്ടുവീഴ്ചയ്ക്കും തെയ്യറാകണം എന്നാല് നമ്മൾ നമ്മുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല. ഓർക്കുക ഭാര്യ വീടല്ല സ്വന്തം വീടാണതും, ഭാര്യയുടെ അചനല്ല സ്വന്തം അച്ഛൻ,ഭാര്യയുടെ അമ്മയല്ല സ്വന്തം അമ്മ, മരുമോൻ അല്ല മകൻ, ഭാര്യയുടെ അനിയത്തി അല്ല സ്വന്തം അനിയത്തികുട്ടി,അളിയനല്ല അനിയൻ, ഇങ്ങനെ ഒരു ഉപാധികളും ഇല്ലാതെ ജീവിച്ചു നോക്ക്, ജീവിതം കൂടുതൽ മനോഹരവും, അർഥപൂർണ്ണവും ആകും… (ഭാര്യ വീടെന്ന പ്രയോഗം പോലും തീർത്തും ആത്മാർഥത ഇല്ലാത്ത ഒന്നാണ്, ഇവിടെ പറയാൻ ഉദ്ദേശിച്ച കര്യങ്ങൾ മനസ്സിലാകാൻ ഞാൻ അങ്ങനെ ഉപയോഗിച്ചെന്ന് ഉള്ളൂ) ഷെബിൻ മുഹമ്മദ്.

LEAVE A REPLY

Please enter your comment!
Please enter your name here