സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഒരു പട്ടാളക്കാരന്റെ പ്രണയകഥ. ലിജു–സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് സോഷ്യൽ ലോകത്ത് തരംഗമായത്. മനോഹരമായ ഇവരുടെ പ്രണയകഥയാണ് ഈ വെഡ്ഡിങ് ഷൂട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമപശ്ചാത്തലത്തിൽ ആരംഭിക്കുന്ന പ്രണയവും പട്ടാളക്കാരനായ കാമുകനു വേണ്ടിയുള്ള കാത്തിരിപ്പും ഒടുവിൽ അവളെ സ്വന്തമാക്കാൻ അയാൾ വരുന്നതും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു.
ലിജു കശ്മീരിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരുടെ ജീവതത്തിലെ യഥാർഥ സംഭവങ്ങള്‍ ആണ് ചിത്രങ്ങളാക്കി മാറ്റിയത്. അതിനാൽ ഓരോ ഫ്രെയിമിലും പ്രണയം നിറഞ്ഞു നിന്നു. പഠിക്കുന്ന സമയത്താണ് ലിജുവും സൂര്യയും പ്രണയത്തിലാകുന്നത്. പിന്നീട് ലിജുവിന് പട്ടാളത്തിൽ ജോലി കിട്ടി പോയി. എങ്കിലും ഇരുവരുടെ പ്രണയം ശക്തമായി തുടർന്നു. ഇരുകുടുംബത്തിന്റെയും സമ്മതം വാങ്ങി. ഒരു അവധിക്ക് വന്നപ്പോൾ പെണ്ണു കണ്ട് വിവാഹം ഉറപ്പിച്ച്, അടുത്ത വരവിൽ പട്ടാളക്കാരൻ സൂര്യയുടെ സ്വന്തമായി.
രണ്ടാഴ്ചയോളം എടുത്ത് വിവിധ ലൊക്കേഷനുകളിലായാണ് ഷൂട്ട് പൂർത്തിയാക്കിയത്. ഇവരുടെ കുടുംബാംഗങ്ങളും ഷൂട്ടിന്റെ ഭാഗമായി. എംഎസ് മഹേഷ് ഫൊട്ടോഗ്രഫിയാണ് ഈ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ഒരുക്കിയത്. ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ വെഡ്ഡിങ് ഷൂട്ട്, ഹൃദ്യമായ പ്രണയകഥ എന്നിങ്ങനെ അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ ലോകത്തു ഈ ചിത്രങ്ങൾ.