യഥാർത്ഥ സൗഹൃദത്തിന്റെ കഥപറഞ്ഞ ഫേസ്ബുക് കുറിപ്പ് സോഷ്യൽ മീഡിയ ലോകത്തു ഇപ്പോൾ വൈറലാണ്. ആയിഷയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഇന്നത്തെ ചിത്രം ഇവരാകുന്നു. Shadiya Pk യും സനു മലപ്പുറവും. കുഞ്ഞിപ്പാത്തുവും ഓൾടെ കാക്കുവും. അങ്ങിനെയാണവർ പരസ്പരം രണ്ടാളെയും വിളിച്ചു കൊണ്ടിരിക്കുന്നത്. ഇനിയീ ചിത്രത്തിലെന്താണിത്രമാത്രം സവിശേഷമായത് എന്നാണോ. സൗഹൃദങ്ങൾ എങ്ങിനെയാണ് രക്തബന്ധങ്ങളെക്കാളും ഉയരത്തിലെത്തുന്നത്, ചിലപ്പോൾ രക്തബന്ധത്തോളം ചേർത്തു നിർത്തുന്ന ഒന്നായിമാറുന്നത് എന്ന് ഈ ചിത്രത്തിലൂടെ കാണാവുന്നതാണ്. ഇവരെ രണ്ടുപേരെയും ആദ്യമായി കാണുന്നത് ഗ്രീൻപാലിയേറ്റീവ് നടത്തിയ അക്ഷരപ്പച്ചയിൽ വച്ചാണ്. നിർത്താതെ സംസാരിച്ചോണ്ടിരിക്കുന്ന, ചിരിച്ചോണ്ടിരിക്കുന്ന ഒരു കുട്ടി. അവൾ നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയാണ്. ഇടക്കെപ്പോഴോ നേരിയ കയറ്റത്തിനുമുന്പിൽ നിസ്കാര റൂമിലോട്ടുള്ള വഴിയിൽ അവൾ ഒരു വേള നില്കുന്നത് കണ്ടപ്പോൾ ഞാനും ചോദിച്ചു ഞാൻ സഹായിക്കാനോടൊന്ന്, വേണ്ടെന്ന്. ഇതൊക്കെ എനിക്കു തനിച്ചു കേറാന്ന്. അവള് വീണ്ടും പറഞ്ഞോണ്ടിരുന്നു. ഓൾടെ ഇത്താത്താന്റെ മോൻ സിനുവിനെ കുറിച്ച് അവന്റെ കുസൃതിത്തരങ്ങളെ കുറിച്ച്. കൂട്ടത്തിൽ ന്റെ കുട്യോളെ പറ്റിയും നിർത്താതെ, ചിരിച്ചു കൊണ്ട് ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു…
സാനുവിനെയും അവിടെ വെച്ച് തന്നെയാണ് കാണുന്നത്. പിന്നീടെപ്പോഴോക്കെയോ കിട്ടിയ നമ്പര് വച്ചു സംസാരമായി, പിന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി സംസാരവും, അടിയും, ചിരിയും തുടർന്ന് കൊണ്ടിരുന്നു. ഓൾടെ ‘തേങ്ക്സ് ഒന്നും ഇവിടെ എടുക്കൂല ട്ടോ ‘ എന്ന വാക്കുകൾ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയായി, ഉപ്പാന്റെ കുഞ്ഞിപ്പാത്തുവായി അവളങ്ങനെ പറന്നു നടക്കുകയാണ്. പിന്നെയവൾ കാക്കു വിനെക്കുറിച്ചു പറഞ്ഞു തുടങ്ങി, കാക്കു കാണാൻ വന്നതും, അച്ചാർ കൊണ്ടുവന്നതും, എത്ര സന്തോഷത്തോടെയാണവൾ എഴുതിവച്ചിരുന്നത്, അവനോ ഒരനിയത്തികുട്ടിയോടെന്ന പോൽ അവളുടെ കണ്ണുകൾ അല്പം പോലും നിറയാൻ സമ്മതിക്കാതെ, തല്ലുകൂടി, അവളുടെ കുറേ പുസ്തകങ്ങളുമായി തിരിച്ചുപോയി. ഇടക്ക് അവൾക്ക് ട്രെയിനിൽ കേറാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോ, വീണു പരിക്കേറ്റിട്ടും ക്രിസ്തുമസ് വെക്കേഷന് അവളെയും കൊണ്ട് ട്രെയിൻ കേറാൻ പോയി. അവിടെ റെയിൽവേ സ്റ്റേഷനിൽ അവളെ കാത്തിരുന്നത് ഉയരത്തിൽ മുകളിലേക്ക് നീണ്ടുകിടക്കുന്ന പടിക്കെട്ടുകളായിരുന്നു. അതിനു മുൻപിൽ അന്തിച്ചു നില്കുന്നത് കണ്ടപ്പോൾ പിന്നെ സനു ഒന്നും നോക്കിയില്ല എടുത്തു നടന്നു കേറുകയായിരുന്നു.
അവന്റെ തന്നെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ ” റെയിൽവേ സ്റ്റേഷനിലെ കൂറ്റൻ പടിക്കെട്ടിനു മുന്നിൽ പെണ്ണ്, കുഞ്ഞിപ്പാത്തു പകച്ചു നിൽക്കുകയാണ്. ” “പരിമിതികളുടെ പടിക്കെട്ടായി അത് മാറ്റാൻ താല്പര്യമില്ലാത്തതു കൊണ്ട് കോരിയെടുത്തു കാൽ നീട്ടിവെച്ചു നടന്നത് കണ്ടപ്പോൾ പെണ്ണിന്റെ ചിരിയൊന്നു കാണണമായിരുന്നെന്ന് “. അതേ ചിരിയും സന്തോഷവും അവളിന്നു വിളിച്ചപ്പോൾ ആ കാളിലുടനീളം നിറഞ്ഞുനിന്നിരുന്നു. പറഞ്ഞിട്ടും വിവരിച്ചിട്ടും മതിയാവാതെ ആ യാത്രയെക്കുറിച്ചു, എന്റെ കണ്ണൊന്നു നിറയാനോ, വിയർക്കാനോ, സമ്മതിക്കാതെ, കാലിലെ പരിക്കെന്നും പറഞ്ഞു എടുത്തോണ്ട് നടക്കുകയായിരുന്നു ഇത്താത്താ. ഇത്രേം നല്ല മനുഷ്യര് കൂടെയുണ്ടാവുന്നിടത്തോളം ഭാഗ്യം വേറെന്താണുള്ളതെന്ന് അവളോട് തിരിച്ചു പറയേം ചെയ്തു. അതേ സനുവേ നീ ചെയ്തത് വലിയ കാര്യം തന്നെയാണ്, ബഹുമാനമര്ഹിക്കുന്നതും മാതൃകാപരവുമായ ഒന്ന്. വേറിട്ട കണ്ണുകൊണ്ടവരെ കാണുകയും, മാറ്റി നിർത്തുകയും, ഒരു പക്ഷേ അപഹസിക്കുകയും ചെയ്ത് അങ്ങേയറ്റം വേദനിപ്പിക്കുന്ന ചില മനുഷ്യന്മാരുള്ള ഈ ലോകത്ത് അവളുടെ പുഞ്ചിരിക്ക്, അതിരില്ലാത്ത സന്തോഷത്തിന് കാരണമായ, ഓള് അത്രേം സ്നേഹത്തില്, ഹൃദയം നിറഞ്ഞു കാക്കൂന്ന് വിളിക്കുന്നുണ്ടെങ്കിൽ സനു, അത് നിന്റെ കറയറ്റ നിർമലമായ സ്നേഹം കൊണ്ടു താനെയാണ്.
മുൻപെന്നോ അവൾ പറഞ്ഞിട്ട ഒരാഗ്രഹമായിരുന്നു കൊടികുത്തി മല കേറണമെന്ന്… ഇങ്ങനെ ചേർത്തുപിടിക്കുന്ന, ജീവനോളം കരുതല് തരുന്നൊർ ചുറ്റുമുണ്ടാകുമ്പോ നിനക്ക് കൊടികുത്തിമലയല്ല, ആകാശവും കീഴടക്കാം എന്ന് തന്നെയാണ് പറയാനുള്ളത്.