പാചകപരീക്ഷണവുമായി എത്തുന്ന കുരുന്നുകളുടെ രസകരമായ വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിലുള്ള കുട്ടി പരീക്ഷണങ്ങളുടെ രസകരമായ വിഡിയോകൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ വൈറലാകുകയാണ് രണ്ട് കുരുന്നുകളുടെ പാചക പരീക്ഷണത്തിന്റെ വിഡിയോ. പാചകം അല്പം പാളിയെങ്കിലും രസകരമായ സംസാരംകൊണ്ട് കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നുണ്ട് ഈ കുഞ്ഞുങ്ങൾ.
അമ്മയുടെ കണ്ണുവെട്ടിച്ച് അടുക്കളയിൽ കയറിയതാണ് രണ്ട് പെൺകുട്ടികൾ. കൈയിൽ ഒരു പൊട്ടറ്റോ ചിപ്സിന്റെ പായ്ക്കറ്റുമുണ്ട്. ചിപ്സ് പൊട്ടിച്ച് പാത്രത്തിൽ ഇട്ട ശേഷം അതിലേക്ക് സവാള അരിഞ്ഞിടാനുള്ള ശ്രമത്തിലാണ് ഒരാൾ. ഉള്ളിയുടെ തൊലി പൊളിക്കുന്നതിനൊപ്പം വിഡിയോയിൽ നോക്കി കണ്ണു നീറുന്നുണ്ട് ഗയ്‌സ് എന്നും അതിന് ശേഷം ഇനി ഞാൻ കുറച്ച് നേരം കണ്ണുകൾ തുറന്നൊന്ന് വയ്ക്കട്ടെ എന്നും പറയുന്നുണ്ട്.
എന്നാൽ മറ്റെയാൾ കുറച്ച് പരിഭ്രാന്തിയോടെ നമുക്ക് ഉള്ളി വലിച്ചെറിഞ്ഞാലോ ഉമ്മച്ചിയെങ്ങാനും വന്നാൽ ഇത് കൊള്ളില്ലെങ്കിൽ ചീത്ത പറയും എന്നൊക്കെ പറയുന്നതും കാണാം. അവസാനം തങ്ങൾ പാചകം ചെയ്ത ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോഴുള്ള റിയാക്ഷനാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്.
വായിൽ ഇട്ടതിൽ പകുതിയും പുറത്തെടുത്തെങ്കിലും വിഡിയോയിൽ നോക്കി സംഗതി അടിപൊളിയായിട്ടുണ്ടെന്ന് പറയുകയാണ് ഈ കുരുന്ന്. ഒപ്പം സഹോദരിയെ വിളിച്ച് ‘വാടി വന്ന് കഴിച്ചിട്ട് അടിപൊളിയായെന്ന് പറഞ്ഞോയെന്നും’ നിഷ്കളങ്കമായി പറയുകയാണ് ഈ കുട്ടി ഷെഫ്. എന്തായാലൂം സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഈ കുരുന്നുകളെ അഭിനന്ദിച്ചുകൊണ്ടെത്തുന്നത്.
ഈ അടുത്തകാലത്ത് കണ്ടതിൽവെച്ച് ഏറ്റവും മികച്ച കുക്കിങ് വിഡിയോ എന്നാണ് പലരും രസകരമായി വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. എന്തായാലും പാചകപരീക്ഷണത്തിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായി മാറിക്കഴിഞ്ഞു ഈ ഇരട്ടസഹോദരിമാർ.