ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളാണ് പേർളിയും ശ്രീനിഷും. ഇവരുടെ വിവാഹം മുതൽ സോഷ്യൽ മീഡിയയിൽ ഇടം നേടിയ താരങ്ങളാണ്. ഇപ്പോൾ കുഞ്ഞിഞ്ഞയുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ, ഏഴാം മാസത്തിലെ ചടങ്ങായ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമായാണ് പേർളിയും ശ്രീനിഷും ഇത്തവണ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ എത്തിയിരിക്കുന്നത്.
‘ഓരോ നിമിഷവും സ്പെഷ്യൽ ആക്കുന്നു. ജനിക്കാൻ പോകുന്ന ഞങ്ങളുടെ ലോകത്തിനായി കാത്തിരിക്കുന്നു. ഞങ്ങളുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ.’ – വളകാപ്പ് ചടങ്ങിനായി ഒരുങ്ങിയ പേർളിയോട് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ശ്രീനിഷ് കുറിച്ചു. പരമ്പരാഗത തമിഴ് രീതിയിലാണ് വളകാപ്പ് ചടങ്ങുകൾക്കായി ദമ്പതികൾ ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ച് ഷേഡിലുള്ള സാരിയും മജന്ത നിറത്തിലുള്ള ബ്ലൗസും അണിഞ്ഞ് പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞാണ് വളകാപ്പ് ചടങ്ങിനായി പേർളി എത്തിയത്. പൈജാമയും കുർത്തയും അണിഞ്ഞാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്.
ഭക്ഷണം, നൃത്തം, പാട്ട് എന്നിങ്ങനെ എന്തെല്ലാം രീതിയിൽ ഗർഭകാലം ആസ്വാദ്യകരമാക്കി മാറ്റാമോ അങ്ങനെയെല്ലാം പേർളി തന്റെ ദിനങ്ങൾ രസകരമാക്കി തീർക്കുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രെഞ്ജിമാരാണ് പേർളിയെ അണിയിച്ചൊരിക്കിയിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് പേർളി ചിത്രങ്ങളിൽ. അടുത്തിടെയാണ് തങ്ങളുടെ ആദ്യത്തെ പൊന്നോമനയെ കാത്തിരിക്കുന്ന സന്തോഷത്തിൽ പുറത്തിറക്കിയ ചെല്ലക്കണ്ണനെ… ഗാനം പേർളിയും ശ്രീനിഷും അവതരിപ്പിച്ചിരുന്നു.