ഓൺലൈൻ ഫുഡ് ഓർഡറിങ് പ്ലാറ്റ്ഫോം സ്വിഗിയുടെ ഡെലിവറി പാർട്നറായ വിജു നാരായണൻ ഓർഡർ പ്രകാരമുള്ള ബിരിയാണിയുമായി സ്ഥലത്തെത്തി. പക്ഷേ ആ ബിരിയാണി കൊടുക്കൽ അവസാനിച്ചതാകട്ടെ ഒരു ഗംഭീര മേക്കോവറിലും ഫാഷൻ ഫോട്ടോഷൂട്ടിലും.
സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മഹാദേവൻ തമ്പി ആയിരുന്നു കസ്റ്റമർ. വിജുവിന്റെ ലുക്ക് ഇഷ്ടപ്പെട്ട മഹാദേവൻ ഒറ്റച്ചോദ്യം, നമുക്കൊരു ഫോട്ടോഷൂട്ട് ചെയ്താലോ? വിജുവിന്റെ മൊബൈൽ നമ്പർ വാങ്ങുകയും പിന്നീട് വിളിച്ച് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.
ആദ്യം അമ്പരന്നെങ്കിലും പുള്ളി സമ്മതം അറിയിച്ചതോടെ ഫോട്ടോഷൂട്ടിനുള്ള വഴി തുറന്നു. ‘‘വിജു ചേട്ടന് 48 വയസ്സുണ്ട്. വളരെ ആകർഷകമായ ലുക്ക് ആണു പുള്ളിയുടേത്. അപാരമായ ഊർജസ്വലതയുള്ള മനുഷ്യന്‍. ഒരു ഫോട്ടോഷൂട്ടിന് പറ്റിയ ഫീച്ചറുകൾ അദ്ദേഹത്തിനുണ്ട്.
അതാണ് ഫോട്ടോഷൂട്ടിലേക്ക് കാര്യങ്ങൾ എത്തിച്ചത്’’– മഹാദേവൻ തമ്പി പറഞ്ഞു. ഒരു ബിരിയാണി കൊണ്ടു കൊടുക്കുക മാത്രമാണു താൻ ചെയ്തത് എന്നാണു ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് വിജുവിന്റെ നിഷ്കളങ്കമായ മറുപടി.
ഒരു മോഡലാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് വിജു പറയുന്നു. ഷമീർ ആണ് വിജുവിന്റെ മേക്കോവർ നടത്തിയത്. മെൻ ഇൻ ക്യൂ (MEN IN Q) സ്റ്റൈലിഷ് വസ്ത്രങ്ങൾ ഒരുക്കി. മഹാദേവൻ തമ്പി പങ്കുവച്ച വിഡിയോ കാണാം…