കഴിഞ്ഞ ദിവസം നാം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞതാണ് 20 കാരൻ വിനയൻ എന്ന ബാലനെ. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിനയയെ കൂടുതൽ പേരറിയാൻ തുടങ്ങിയത്. വിനയൻ തൃശൂർ തലോർ സ്വദേശിയാണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മാതാപിതാക്കൾ മരിച്ചു.
പിന്നീട് അങ്ങോട്ട് ജീവിതം മാറിമറിയാൻ തുടങ്ങി. തുടർന്നു ബന്ധുവിനൊപ്പവും അനാഥാലയത്തിലുമായി ബാല്യം. എട്ടാം ക്ലാസിനുശേഷം ജീവിതഗതി മാറ്റിയ മുംബൈ യാത്ര. പകൽ മുഴുവൻ സിനിമാ മോഹവുമായി സെറ്റുകൾ തപ്പി നടന്നു. രാത്രി റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. 2 വർഷത്തോളം മുംബൈയിൽ കഴിച്ചുകൂട്ടി. അതിനുശേഷം തിരുവനന്തപുരത്തേക്ക് എത്തുകയും ഓപ്പൺ സ്കൂൾ വഴി പത്താംക്ലാസ് പരീക്ഷ ജയിക്കുകയും ചെയ്തു. തേക്കടിയിൽ ഹോട്ടലിൽ ജോലിക്കു കയറി. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തി.
സിനിമാഭിനയത്തിനു ഹോട്ടൽ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ട് തൊഴിലന്വേഷിച്ചു നെടുമ്പാശേരിയിലെത്തി. ഇതിനിടെ ദുൽഖർ സൽമാൻ നായകനായ ഹിന്ദി സിനിമ കർവാറിൽ ചെറിയ റോൾ കിട്ടി. അതിൽ തന്റെ മികവിനൊപ്പം അഭിനയിച്ചു. അതിനിടയിൽ ജീവിതം കഴിഞ്ഞുകൂടാൻ ലോട്ടറി വിൽപന തുടങ്ങി. അതിനായി പണം കടം വാങ്ങിയത് അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നുമാണ്. വിൽപന നടത്തിയത് വിമാനത്താവളത്തിലാണ് അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ.
ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. ജിജോ ജോസഫിന്റെ ‘വരയൻ’ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു. ഈ വർഷം പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് വിനയൻ. അത്താണിയിലെ അമ്പലത്തിൽ നിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ഇരുട്ടടിയായി ലോക്ഡൗൺ വരുന്നത്.
ലോട്ടറി വിൽപന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂർണമായി അടഞ്ഞു. തുടർന്നു സമൂഹ അടുക്കളയിൽ നിന്നു ലഭിക്കുന്ന ഭക്ഷണം കഴിച്ചും സുമനസ്സുകളുടെ സഹായം കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും സിനിമയിൽ തന്റെ ദിനം വരുമെന്നും വിനയ് ആത്മവിശ്വാസത്തോടെ പറയുന്നു. എന്തായാലും ഈ വിനയൻ ജീവിതത്തിൽ ഉയരങ്ങളിൽ എത്തും, അത് ഉറപ്പാണ്.