പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ ശ്രദ്ധ നേടുകയാണ് ബെല്ലാ ചാവോ ഗാനത്തിന് ഒരുക്കിയ ഒരു പഞ്ചാബി വേര്‍ഷന്‍. ഉത്തരേന്ത്യന്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് കരുത്ത് പകരുകയാണ് ഈ ഗാനം. പൂജന്‍ ഷെര്‍ഗില്‍ എന്ന പാട്ടുകാരനാണ് ഫാം ലോസ് വാപസ് ജാവോ എന്ന പേരില്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ ഈ ഗാനം ബെല്ലാ ചാവോയുടെ മൊഴിമാറ്റമല്ല. മറിച്ച് അതേ ഈണത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ്. ഗാനത്തില്‍ പ്രതിഫലിക്കുന്നതും കര്‍ഷകസമരമാണ്. ദില്ലിയിലെ സമരദൃശ്യങ്ങളാണ് ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇറ്റലിയിലെ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കര്‍ഷക സ്ത്രീകള്‍ അതിജീവനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ പാടിയ ഗാനമാണ് ബെല്ലാ ചാവോ. മണി ഹെയ്സ്റ്റ് വെബ് സീരീസിലും ഈ ഗാനമുണ്ട്. പോരാട്ടത്തിന്റെ കരുത്തും അതിജീവനത്തിന്റെ പ്രതീക്ഷയും പകരുന്നതാണ് ഈ ഗാനം.