ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രണ്ട്സ്, ബോസ് എന്ന ഭാസ്കര്‍ തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വിജയലക്ഷ്മി. താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ച ശേഷമാണ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സ്വകാര്യ ആശുപത്രിയിലെത്തിച്ച വിജയലക്ഷ്മി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമനെതിരെ രംഗത്ത് വന്നിരുന്നു വിജയലക്ഷ്മി.
ഇതെന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി ഗുരുതരമായ സമ്മര്‍ദ്ദമാണ് നേരിടുന്നത്. സീമനും അയാളുടെ പാര്‍ട്ടിക്കാരുമാണ് കാരണം. എന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടി പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് വിജയലക്ഷ്മി വീഡിയോയില്‍ പറയുന്നത്.
താന്‍ ബിപിക്കുള്ള ഗുളികള്‍ കഴിച്ചിട്ടുണ്ടെന്നും അല്‍പ്പസമയത്തിനകം തന്നെ രക്ത സമ്മര്‍ദ്ദം കുറയുമെന്നും അങ്ങനെ മരിക്കുമെന്നും വിജയലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സീമനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും തന്റെ മരണം കണ്ണുതുറക്കാനുള്ള അവസരമായി മാറണമെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.