ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതുപോലെ തന്നെ കലയാണ് ആ രുചി മറ്റുള്ളവരിലേക്ക് വിവരിച്ച് പകർന്ന് നൽകുന്നത്. കപ്പ ബിരിയാണി കഴിച്ച കഥ പറഞ്ഞ് മനസും വയറും നിറയ്ക്കുകയാണ് ഒരു കൊച്ചുമിടുക്കി. കേൾക്കുന്നവർക്ക് ഒരു മട്ടൻ ബിരിയാണി കഴിച്ച അനുഭവമാണ് കുട്ടി സമ്മാനിക്കുന്നത്.
വെള്ളപ്പൊക്കം കാണാൻ പോയ കഥ മുതൽ കപ്പ പറിച്ച വിശേഷവുമെല്ലാം കുട്ടി പങ്കുവയ്ക്കുന്നു. കപ്പ ബിരിയാണി ഉണ്ടാക്കിയ വിധത്തിനേക്കാൾ രസകരം, അത് രുചിച്ചു നോക്കിയ ശേഷമുള്ള ഭാവങ്ങളും ആ രുചിയുടെ വിവരണവുമൊക്കെയാണ്.
ഈ കപ്പ ബിരിയാണി കഴിച്ചാലുടൻ പുഞ്ചിരി ചിരിയാകും, കണ്ണൊക്കെ നിറയും, മഴയൊക്കെ പെയ്തു തുടങ്ങും എന്നൊക്കെയാണ് കുട്ടി രസകരമായി പറയുന്നത്. ഇങ്ങനെയുള്ള സാധനങ്ങളൊക്കെ കണ്ടാൽ തന്നെ ഗംഭീരമാണ് എന്നും കുട്ടി പറയുന്നുണ്ട്.
ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ പാചക വീഡിയോകൾ ശ്രദ്ധ നേടിയിരുന്നു. വീട്ടിലിരുന്ന സമയത്ത് എല്ലാവരും പുതിയ പുതിയ പാചക പരീക്ഷണങ്ങളിലൊക്കെയാണ് മുഴുകിയത്. കപ്പ ബിരിയാണിയുടെ രുചി വിവരിക്കുന്ന മിടുക്കി മുൻപും ആഹാര സാധനങ്ങൾ രുചിച്ച് വിവരിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.