ഷോക്കേറ്റ് വീണ ഒരു കുഞ്ഞ് പക്ഷിക്ക് പുതുജീവിതം നല്‍കിയ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കയ്യൂരി കൂട്ടുങ്കര സ്വദേശിയായ കെ ജി പ്രജീഷ് എന്ന യുവാവാണ് നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് സൈബര്‍ ഇടങ്ങളില്‍ താരമായി മാറിയിരിക്കുന്നത്.
കെ ജി പ്രജീഷിന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞുപക്ഷിക്ക് ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായത്. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നിലത്ത് വീണ് പിടയുകയായിരുന്നു പക്ഷി. പക്ഷിയെ കൈയിലെടുത്ത് പ്രജീഷ് പ്രാഥമിക ചികിത്സ നല്‍കി. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ടൗണില്‍ വെച്ചായിരുന്നു സംഭവം. പെയ്ന്‍റിങ് തൊഴിലാളിയാണ് പ്രജീഷ്.
കൃത്രിമമായി ശ്വാസം നല്‍കിയാണ് പക്ഷിക്ക് പുതുജീവന്‍ സമ്മാനിച്ചത്. അഭിഭാഷകനായ എം എസ് അനുവാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധിപ്പേര്‍ പ്രജീഷിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.