മുംബൈയിലേക്ക് യാത്ര പോകുന്നുണ്ടോ? ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ വീട് മന്നത്ത് കാണാൻ പദ്ധതിയുണ്ടോ? എങ്കിൽ ഗെയ്റ്റിന് മുൻപിൽ ഒരു പ്ലക്കാർക്കും പിടിച്ചിരിക്കുന്ന വ്യക്തിയെ നിങ്ങൾ കണ്ടേക്കാം. ആളൊരു സിനിമ സംവിധായകനാണ്, ജയന്ത് സീഗേ. ‘പുതുവർഷത്തിൽ എന്താണ് പ്ലാൻ? ഞാൻ എന്റെ സിനിമയുടെ സ്ക്രിപ്റ്റ് ഷാരൂഖ് ഖാന് മുൻപിൽ അവതരിപ്പിക്കും’ എന്ന പ്ലക്കാർഡുമായി ജയന്ത് സീഗേ മന്നത്തിന് മുൻപിൽ നിൽക്കാൻ തുടങ്ങിയിട്ട് 10 ദിവസമായി.
ഡിസംബർ 31 നാണ് ജയന്ത് മന്നത്തിന് മുൻപിൽ എത്തിയത്. ഷാരൂഖ് ഖാനെ വച്ച് സിനിമ ചെയ്തേ അടങ്ങൂ എന്ന വാശിയാണ് ജയന്തിനെ അല്പം മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഹ്യൂമൻസ് ഓഫ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിൽ എന്തിന് താൻ ഷാരൂഖ് ഖാനെ വച്ച് പടമെടുക്കാൻ ശ്രമിക്കുന്നു എന്ന് ജയന്ത് വ്യക്തമാക്കുന്നുണ്ട്. “ഓഗസ്റ്റിൽ, ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിൽ സീറോയ്ക്ക് ശേഷം താൻ പുതിയ സിനിമകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ലഡ്ഡുപൊട്ടി. അപ്പോഴാണ് എന്റെ സിനിമയിൽ അഭിനയിക്കാൻ ഷാരൂഖ് ഖാനെ കിട്ടിയാലോ എന്ന് തോന്നിയത്. പിന്നെ ഒന്ന് നോക്കിയില്ല, ഞാൻ ഒറ്റരാത്രികൊണ്ട് ഒരു സിനിമാ പോസ്റ്റർ തയ്യാറാക്കി ഷാരൂഖ് ഖാനെ ടാഗ് ചെയ്തത് ട്വീറ്റ് ചെയ്തു,” ജയന്ത് സീഗേ പറയുന്നു.
ഒന്നും സംഭവിക്കാതിരുന്നത് തികച്ചും സ്വാഭാവികം. വിട്ടുകളയാൻ ജയന്ത് തയ്യാറായിരുന്നില്ല. ബെംഗളൂരു നിവാസിയായ ജയന്ത് മുംബൈയ്ക്ക് പറന്നു. എല്ലാ ദിവസവും സൂര്യോദയം മുതൽ അർദ്ധരാത്രി വരെ ഷാരൂഖ് ഖാന്റെ ബംഗ്ലാവിന് മുൻപിൽ പോയി നിന്ന്. അവിടത്തെ സെക്യൂരിറ്റി ജീവനക്കാരുമായി കമ്പനി ആയി എന്നതൊഴിച്ചാൽ സൂപ്പർ സ്റ്റാറിനെ കാണാൻ പറ്റിയില്ല.
ഒടുവിൽ എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്താൽ മാത്രമേ നടന്റെ ശ്രദ്ധയിൽ പെടുകയുള്ളു എന്ന് മനസ്സിലാക്കിയ ജയന്ത്, ഷാരൂഖ് ഖാനെ കണ്ടുമുട്ടാനുള്ള ദൗത്യത്തിന് ‘പ്രോജക്റ്റ് എക്സ്’ എന്ന പേരും നൽകി പ്ലക്കാർഡുമായി മന്നത്തിന് മുൻപിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 10 ദിവസത്തിലേറെയായി. “ഇതാ ഞാൻ. അദ്ദേഹം (ഷാരൂഖ് ഖാൻ) എന്റെ സിനിമയിൽ ഒപ്പിടുന്നതുവരെ ഞാൻ ഇത് തുടരും,” ജയന്തിന്റെ വാക്കുകളിൽ നിശ്ചയദാർഢ്യം വ്യക്തം.