നാമൊഴിച്ച് മറ്റുള്ളവരെല്ലാം അറിയും എന്നതാണ് ശരീര ദുര്‍ഗന്ധത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. അടുത്തിരിക്കുന്ന ആള്‍ മൂക്ക് ചുളിച്ച് എഴുന്നേറ്റ് പോകുമ്പോഴാകും നാം പലപ്പോഴും ഇക്കാര്യം തിരിച്ചറിയുക. ഇവിടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതും നമ്മുടെ ആത്മവിശ്വാസം തകർത്തു കളയുന്നതുമായ ഒന്നായി ശരീര ദുർഗന്ധം മാറുന്നു.
എല്ലാവര്‍ക്കും അവരുടേതായ മണമുണ്ട്. ചിലര്‍ക്കത് ആരും ശ്രദ്ധിക്കുന്ന തോതിലുണ്ടാകില്ല. ചിലരിൽ അത് രൂക്ഷമായിരിക്കും. അപ്പോള്‍ പിന്നെ സ്വന്തം ശരീരത്തിലെ ഗന്ധമകറ്റാന്‍ വഴി തേടേണ്ട സ്ഥിതിയാകും. ദുര്‍ഗന്ധത്തിന്റെ കാരണം കണ്ടു പിടിച്ചാല്‍ അതിനുള്ള പരിഹാരവും എളുപ്പമാകും.
പുരുഷന്മാര്‍ക്ക് ശരീര ദുര്‍ഗന്ധം ഉണ്ടാകുന്നത് പ്രധാനമായും അഞ്ച് കാരണങ്ങള്‍ കൊണ്ടാണ്;
അമിതമായ വിയര്‍പ്പ്;
നിങ്ങള്‍ വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ ആ വിയര്‍ത്ത ഭാഗത്ത് ഈര്‍പ്പം തങ്ങി നില്‍ക്കുകയും അവിടെ ബാക്ടീരിയ പെരുകുകയും ചെയ്യും. ഇതാണ് ദുര്‍ഗന്ധമുണ്ടാക്കുന്നത്. ചിലർ അമിതമായി വിയർക്കും. കക്ഷത്തിലും കാലുകളുടെ ഇടുക്കിലുമൊക്കെയാണ് ഈ ഗ്രന്ഥികള്‍ കൂടുതലുള്ളത്. അതിനാല്‍ തന്നെ ഇവിടെ ദുര്‍ഗന്ധവും കൂടും.
ഹോർമോൺ;
പ്രായപൂര്‍ത്തിയാകുമ്പോഴേക്കും പുരുഷന്മാരില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ കൂടുതല്‍ സജീവമാകും. ഹോര്‍മോണുകളുടെ വ്യതിയാനവും ഈ സമയത്തെ ദുര്‍ഗന്ധത്തിന് കാരണമാകാം.
ഭക്ഷണം;
ശരീരത്തില്‍ നടക്കുന്ന എല്ലാത്തിനും നിങ്ങളുടെ ഭക്ഷണവുമായി ബന്ധമുണ്ടാകാം. ദുര്‍ഗന്ധത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ഉള്ളിയും മദ്യവുമൊക്കെ കഴിക്കുന്നത് ഒരു ദിവസം വരെ വായ്‌നാറ്റമുണ്ടാക്കാറില്ല. അപ്പോള്‍ അവ നമ്മുടെ വിയര്‍പ്പിനുണ്ടാക്കുന്ന മണം ആലോചിക്കാം. വെളുത്തുള്ളി, എരിവുള്ള ഭക്ഷണം, സള്‍ഫര്‍ അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം വിയര്‍പ്പ് നാറ്റമുണ്ടാക്കും.
സമ്മർദം;
കടുത്ത സമ്മർദവും ഉത്കണ്ഠയുമൊക്കെ ഉണ്ടാകുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ അമിതമായി പ്രവർത്തിക്കും. നാം ധാരാളം വിയര്‍ക്കുകയും ഇത് ദുർഗന്ധമായി മാറുകയും ചെയ്യും.
ആരോഗ്യ പ്രശ്‌നങ്ങള്‍;
ഈ പറഞ്ഞതൊന്നുമല്ല നിങ്ങളുടെ ദുര്‍ഗന്ധത്തിന്റെ കാരണമെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാണോ ഇതിന് പിന്നിലെന്ന് പരിശോധനയില്‍ വ്യക്തമാകും.
പരിഹാരങ്ങള്‍;
കാരണങ്ങള്‍ കണ്ടെത്തി കഴിഞ്ഞാൽ പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കാം. വിയര്‍പ്പിലൂടെ ശരീരത്തില്‍ അടിയുന്ന ബാക്ടീരിയയെ നീക്കാന്‍ എല്ലാ ദിവസവും കുളിക്കേണ്ടത് അത്യാവശ്യമാണ്. കുളിച്ചില്ലെങ്കില്‍ വിയര്‍പ്പും നശിച്ച ചര്‍മ്മ കോശങ്ങളും ശരീരത്തില്‍ അടിഞ്ഞു കൂടും.
വിയര്‍പ്പ് ഗന്ധം കുറയ്ക്കുന്നതിനായി ഡിയോഡറന്റുകൾ ഉപയോഗിക്കാവുന്നതാണ്. കക്ഷത്തിലൊക്കെയുള്ള അമിതമായ മുടി മുറിച്ച് മാറ്റുന്നത് ഇവിടെ ബാക്ടീരിയ അടിഞ്ഞ് ദുര്‍ഗന്ധം പരത്താതിരിക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമാണ് ദുര്‍ഗന്ധത്തെ ഒഴിവാക്കാനുള്ള മറ്റൊരു പോംവഴി. വ്യായാമം വിയര്‍ക്കാനിടയാക്കുമെങ്കിലും അത് വഴി അമിത സമ്മർദം ഒഴിവാകും. വെളുത്തുള്ളി, മദ്യം, ജങ്ക് ഫുഡ് പോലുള്ളവ ഒഴിവാക്കാം.