പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എൻ എസ് രാജപ്പൻ എന്ന രാജപ്പൻ ചേട്ടൻ ഇപ്പോൾ മൂന്ന് വള്ളങ്ങളുടെ ഉടമയാണ്. മീനച്ചിലാറ്റിലും പരിസരത്തെ തോടുകളിലും ഒരു കുഞ്ഞുവള്ളത്തിൽ നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി പോവുന്ന രാജപ്പെന കാണാത്തവർ കുമരകത്ത് ചുരുക്കമാണ്. വേമ്പനാട്ടുകായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുക്കുന്ന അരക്ക് കീഴെ തളർന്ന ആ എഴുപത്തിരണ്ടുവയസുകാരനു പിന്നാലെയാണ് ഇപ്പോൾ ലോകം കറങ്ങുന്നത്.
സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനലിന്റെ ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്‌ഷൻ അവാർഡാണു ഇപ്പോൾ രാജപ്പനെത്തേടിയെത്തിയത്. 10,000 യുഎസ് ഡോളറാണ് (7,30,100 രൂപ) പുരസ്‌കാരം. വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു. പക്ഷാഘാതം മൂലം കാലുകൾ തളർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടു കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്‌വാനിൽ നിന്നു ലഭിച്ച പ്രശംസാപത്രത്തിൽ പറയുന്നു. കുപ്പികൾ പെറുക്കാൻ വലിയ വള്ളവും അന്തിയുറങ്ങാൻ വീടും വേണമെന്നായിരുന്നു രാജപ്പന്റെ ആഗ്രഹം. ബോബി ചാരിറ്റിബിൾ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നൽകി. ബോബി ചെമ്മണൂർ നേരിട്ട് എത്തിയാണു സഹായം നൽകിയത്.
ബിജെപി നേതാവ് പി.ആർ. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നൽകിയിരുന്നു. കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പൻ താമസിച്ചിരുന്നു വീട് 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പൻ താമസിക്കുന്നത്. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നു രാജപ്പൻ പറഞ്ഞു.