ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം.
ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.