പോകാൻ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ അക്വേറിയം ബിസിനെസ്സ്കാരനായ അച്ഛൻ ചികിത്സയിൽ ആകാനുള്ള കാരണം പറഞ്ഞു കേട്ടപ്പോൾ നമ്മുടെ നാട് നന്മകളാൽ ഇത്ര സമൃദ്ധമാണോ എന്ന് തോന്നി പോയി!!
അക്ക്വാറിയം ബിസിനസ് നടത്തുന്നത്തിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചു വന്ന സുരേഷിന് 3 മാസത്തെ വാടക കൊടുക്കാൻ കഴിഞ്ഞില്ല. വീട്ടുടമസ്ഥൻ മലയൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.കുടിശ്ശിക പണം അവിടെ വെച്ച് തീർത്തു. ഒരു മാസം കൂടി അതായത് നവംബർ 10നുള്ളിൽ വീട് മാറികൊടുക്കാൻ പോലീസിന്റെ സാന്നിധ്യത്തിൽ ധാരണയായി. എന്നാൽ അപ്രതീക്ഷിതമായി ഒക്ടോബർ 30ന് വീട്ടുടമസ്ഥ പോലിസിന്റെ സഹായ സഹകരണത്തോടെ വലിയ ഫിഷ് ടാങ്കുൾപ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയിൽ ഇട്ടു. പരാതി കൊടുക്കാൻ സ്റ്റേഷനിൽ പോയി തിരികെ വന്ന് കണ്ട കാഴ്ച ആളുടെ മനസ്സിന്റെ താളം തെറ്റിച്ചു. ആറ്റു നോറ്റു വളർത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയിൽ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ബിസിനസ് കുറച്ചു മണിക്കൂറിനുള്ളിൽ മണ്ണടിഞ്ഞു. വലിയ ഫിഷ്‌ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാർ വണ്ടി പിടിച്ച് എടുത്തു കൊണ്ട് പോയി..
പിന്നീടങ്ങോട്ട് പരാതിയുമായി കളക്ടറേറ്റിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. രാഷ്ട്രീയ -പോലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. വാടക വീടൊഴിപ്പിക്കാൻ പൊലീസിന് ആര് അധികാരം നൽകി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളു പക്ഷെ ജീവനോപാധി നശിപ്പിക്കാൻ വീട്ടുടമസ്ഥനു ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.
കടുത്ത മാനസിക സംഘർഷത്തിൽ പെട്ട സുരേഷ് ആയിരം രൂപക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയിൽ നിന്നും ആഴ്ചകളോളം വെളിയിൽ ഇറങ്ങാതായി. ആശുപ്ത്രിയിൽ അഡ്മിറ്റ് ആയി. ഇപ്പോൾ രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാൽ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നു. അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ.
എന്താല്ലേ നമ്മുടെ നാട് ? ഒരു കുഞ്ഞിന്റെ പഠിപ്പു മുടക്കി, ഒരു കുടുംബത്തെ മുഴുവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള നാട് !!