തെന്നിന്ത്യന്‍ സിനിമയിലെ എന്ന് മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് നയന്‍താര. ആ പേര് കണ്ട് മാത്രം തീയേറ്ററുകളിലേക്ക് ആളുകളെത്തും ഇന്ന്. ഒരുപക്ഷെ അങ്ങനൊന്ന് അവകാശപ്പെടാന്‍ ഇന്ന് മറ്റൊരു നായികയ്ക്കും സാധിക്കില്ല. മലയാളത്തില്‍ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം താരവും സൂപ്പര്‍ താരവുമായി വളരുകയായിരുന്നു നയന്‍താര. വര്‍ഷങ്ങള്‍ വേണ്ടി വന്നു അതിന്. ഇതിനിടെ പല ഗോസിപ്പുകളും താരത്തിന്റെ പേരുചേര്‍ത്ത് വന്നു. പ്രണയവും തിരിച്ചുവരവുമെല്ലാം നിറഞ്ഞ സിനിമയെ വെല്ലുന്ന ജീവിതമാണ് നയന്‍താരയുടേത്. ഇപ്പോഴിതാ തന്റെ മുന്‍ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നയന്‍താര. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
വിശ്വാസമില്ലാത്ത സ്ഥലത്ത് പ്രണയം നിലനില്‍ക്കില്ലെന്ന് നയന്‍താര പറയുന്നു. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മുന്‍കാല പ്രണയങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് താരം പറയുന്നു. പക്ഷെ വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. ആ സമയം തന്നെ കരകയറാന്‍ സഹായിച്ചത് സിനിമയില്‍ നിന്നും അല്ലാതെയുമുള്ള സുഹൃത്തുക്കളായിരുന്നുവെന്നും താരം പറയുന്നു. തന്റെ കരിയറും കരുത്തായെന്ന് താരം പറയുന്നു.
തമിഴ് നടന്‍ സിമ്പുവുമായി നയന്‍താര പ്രണയത്തിലായിരുന്നുവെന്നത് ഒരുകാലത്തെ ചൂടുവാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ച് ചില സിനിമകള്‍ അഭിനയിച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിക്കുകയായിരുന്നു. നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം ഏറെ വാര്‍ത്തയായതായിരുന്നു. പ്രഭു ദേവയുടെ മുന്‍ ഭാര്യ നയന്‍താരക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. വിവാഹത്തിന്റെ വക്കിലെത്തിയ ശേഷമാണ് ഈ ബന്ധം അവസാനിക്കുന്നത്.
പിന്നീടാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നിര്‍മ്മാതാവായ വിഘ്നേഷും നയന്‍താരയും അടുക്കുന്നത്. ഇരുവരുടേയും ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപ്പിക്കാണ്.