തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മാര്‍ച്ച് 24നാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോഴിതാ നിശ്ചയത്തിന്റെ ഫോട്ടോകള്‍ പുറത്ത് വിട്ട് ഔദ്യോഗികമായി തന്നെ അറിയിച്ചിരിയ്ക്കുകയാണ് ഇരുവരും. വളരെ ലളിതമായി നടന്ന ചടങ്ങുകളായിരുന്നു എന്ന് ഫോട്ടോകളിലൂടെ തന്നെ വ്യക്തം. 24ന് ആയിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നിക്കി അറിയിച്ചു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു’, നിക്കി കുറിച്ചു. മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, വെള്ളി മൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ @ യാഹൂ എന്നീ സിനിമകളിലും വേഷമിട്ടു. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്.