കൊവിഡ്-19 മഹാമാരിയുടെ ഭീഷണി ഇനിയും അകന്നിട്ടില്ല. ലോകരാജ്യങ്ങൾ വാക്‌സിനേഷനിലൂടെ കോറോണയെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ്. പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിൽ പൂർത്തീകരിക്കാൻ സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ് പല രാജ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും പൊതു ഇടങ്ങളിൽ പ്രവേശിക്കാനും ഇനി വാക്‌സിൻ സ്വീകരിക്കാതെ പറ്റില്ല എന്ന സ്ഥിതിവിശേഷത്തിലേക്കാണ് ലോകം മുന്നേറുന്നത്. എന്നാൽ വാക്‌സിനേഷനെതിരായും പലരും സംസാരിക്കുന്നുണ്ട്. പല മതപരമായ കാരണങ്ങൾ, വാക്‌സിൻ ശരീരത്തിന് ഹാനികരമാണ് എന്നിങ്ങനെയുള്ള വാദങ്ങൾ നിരത്തി ഇക്കൂട്ടർ വാക്‌സിൻ സ്വീകരിക്കുന്നതിനെതിരാണ്.
‘ആന്റി-വാക്സെക്സെർസ്’ എന്ന് വിളിക്കുന്ന ഈ കൂട്ടർ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിക്കുകയും പ്രകടനങ്ങളിലൂടെയും സോഷ്യൽ മീഡിയ കാമ്പെയ്‌നുകളിലൂടെയും വാക്സിനുകൾ എടുക്കരുതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരെ ഒറ്റപ്പെടുത്താനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത് എങ്കിലും യുഎസിലെ ഒരു ഭക്ഷണശാല ഇത്തരക്കാരെ സ്വാഗതം ചെയ്യുകയാണ്.
ഒരു ഉപഭോക്താവ് താൻ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന രേഖയുമായി വന്നാൽ മാത്രമേ കാലിഫോർണിയയിലെ ഹണ്ടിംഗ്‌ടൺ ബീച്ചിലെ ബസിലിക്കോസ് പാസ്ത ഇ വിനോ എന്ന് പേരുള്ള ഹോട്ടൽ ഭക്ഷണം വിളമ്പൂ. കഴിഞ്ഞ വർഷം തന്നെ മാസ്ക് വിരുദ്ധ നയത്തിലൂടെ ശ്രദ്ധ നേടിയതാണ് ഈ ഇറ്റാലിയൻ ഭക്ഷണശാല.
കടയുടെ മുന്നിലെ ഗ്ലാസ് പാളിയിൽ തന്നെ ‘ശ്രദ്ധിക്കുക: വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവ് ആവശ്യമുണ്ട്’ (ഭക്ഷണ ശാലയിൽ പ്രവേശിക്കാൻ) എന്നെഴുതിയിട്ടുണ്ട്. ‘അമേരിക്കക്കെതിരായ ഈ മണ്ടത്തരത്തെ (വാക്‌സിൻ സ്വീകരിക്കുന്നത്) ഞങ്ങൾ ഒരു തരത്തിലും പൊറുക്കില്ല’ എന്നും പോസ്റ്ററിൽ പതിച്ചിട്ടുണ്ട്. പോസ്റ്റർ അധികം താമസമില്ലാതെ വിവാദമാവുമായും നിരവധിപേർ ഹോട്ടലിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു.
അതെ സമയം വാക്‌സിനെതിരായ തങ്ങളുടെ നിലപാടിൽ മാറ്റമില്ല എന്നാണ് ഹോട്ടൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ആൽക്കഹോൾ ബിവറേജ് കൺട്രോൾ ഇതേതുടർന്ന് ഹോട്ടലിന്റെ മദ്യ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാലും പുറകോട്ട് പോവാൻ തയ്യാറല്ല ബസിലിക്കോസ് പാസ്ത ഇ വിനോ.