കുഞ്ഞുങ്ങളെ വളർത്തുന്നതും പ്രസവിക്കുന്നതുമൊക്കെ ദൈവം തന്നൊരു ഭാഗ്യമാണ്. അതിനെ നശിപ്പിക്കുന്നവർ ഏറെയാണ്. എന്നാൽ വർഷങ്ങളോളം കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരും ഏറെയാണ്. ഇന്നിവിടെ വൈറൽ ആകുന്നത് ഖാസിദ കലാമിന്റെ പോസ്റ്റാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നമിക്കിന് വേണ്ടി കുറച്ചു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്… പക്ഷേ, നമിക്കിൻ്റെ ഒന്നാം പിറന്നാൾ മനസ്സറിഞ്ഞ് ആഘോഷിക്കാൻ പറ്റിയിട്ടില്ല. ആ മാസം എന്തുകൊണ്ടാണ് പിരീഡ്സ് ലേറ്റാകുന്നത് എന്നതിലായിരുന്നു ആശങ്ക മുഴുവൻ. ആശങ്കപ്പെട്ടത് സംഭവിച്ചു. നന്മ’ വരവറിയിച്ചു. പക്ഷേ ഒട്ടും സന്തോഷിക്കാൻ തോന്നിയില്ല. സിസേറിയൻ്റെ വേദന പോലും മാറിത്തുടങ്ങിയിട്ടില്ല.. മുറിവ് ഉണങ്ങിക്കാണുമോ.കുഞ്ഞ് വയറിനുള്ളിൽ വലുതാകുന്നതിനനുസരിച്ച് സ്റ്റിച്ച് പൊട്ടുമോ – തുടങ്ങി മനസ്സിലെ പേടികൾ കൂടിക്കൂടി വന്നു.
നമിക്ക് വന്നതിന് ശേഷമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷനിൽ നിന്ന് ഞാൻ കരകയറി തുടങ്ങിയിട്ടുണ്ടായിരുന്നില്ല.. വയറ്റിൽ മുള പൊട്ടിയ നാമ്പിനെ കളയാനുള്ള ധൈര്യമുണ്ടായില്ല.. ധൈര്യം തന്നത് ഇഖ്റഅ ഹോസ്പിറ്റലിലെ ഡോക്ടറാണ്.. പേടിക്കേണ്ട.. സ്റ്റിച്ചിന് പ്രശ്നം വരുന്നവർക്ക് എത്ര കാലം കഴിഞ്ഞ് പ്രെഗ്നൻ്റ് ആയാലും ആ പ്രശ്നം വരും.. പിന്നെ മോൻ വരാൻ താമസിച്ചതുകൊണ്ട് അവനുള്ള കൂട്ട് പെട്ടെന്നു തന്നെ ആയിക്കോട്ടെ. ഇല്ലെങ്കിൽ ചിലപ്പോൾ അവൻ ഒറ്റയ്ക്കായിപ്പോകും, എന്ന അവരുടെ വാക്കുകൾ ജീവിതം തിരിച്ചു തന്നു.
പക്ഷേ ആ കാലഘട്ടം ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങൽ വല്ലാതെ വന്നു നിറയും. നമിക്കിൻ്റെ പാലുകുടി നിർത്തി, അവനെ എടുക്കുന്നത് കുറഞ്ഞു, എൻ്റെ മാറത്ത് കിടത്തി അവനെ ഉറക്കാൻ പറ്റാതെയായി. അവനെ ശ്രദ്ധിക്കുന്ന തിരക്കിൽ വയറ്റിൽ കിടക്കുന്ന നന്മയെ പരിഗണിക്കാൻ, മിണ്ടാൻ പലപ്പോഴും മറന്നു. കാസർക്കോട് നിന്നുള്ള ആ വാർത്ത അത്രയേറെ നടുക്കിയത് കൊണ്ടു മാത്രം കുറിച്ചിടുന്നത്.