വിവാഹത്തില്‍ നിന്ന് വധു പിന്മാറിയാൽ എന്താകും സംഭവിക്കുക ? സ്വാഭാവികമായും വിവാഹം ഉപേക്ഷിക്കും. എന്നാൽ വധു പിന്മാറിയാപ്പോൾ സ്വയം വിവാഹം ചെയ്ത് ആ ദിവസം ആഘോഷമാക്കാനായിരുന്നു ബ്രസീലുകാരനായ ഡിയോഗോ റാബെലോ (33) എന്ന യുവാവിന്റെ തീരുമാനം. അങ്ങനെ ഒക്ടോബർ 17ന് ഒരു ആഡംബര റിസോർട്ടിൽ ഡിയാഗോയുടെ വിവാഹം നടക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലൂടെയാണ് ഡിയാഗോ തന്റെ വിവാഹവിശേഷവും ചിത്രങ്ങളും പങ്കുവച്ചത്.
2019 നവംബറിലായിരുന്നു ഡോക്ടറായ ഡിയോഗോ റാബെലോയുടെയും വിറ്റർ ബ്യൂണോയുടെയും വിവാഹ നിശ്ചയം. 2020 ഒക്ടോബറിൽ വിവാഹതിരാകാമെന്നും ഇവർ തീരുമാനിച്ചു. ഇതിനായുള്ള ഒരുക്കങ്ങളും തുടങ്ങി. എന്നാൽ കഴിഞ്ഞ ജൂലൈയിലാണ് വിറ്റർ വിവാഹത്തിൽനിന്നു പിന്മാറുകയാണ് എന്നറയിച്ചത്. ഇവർക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമായി പറഞ്ഞത്.
എന്നാല്‍ വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ടു പോകാനായിരുന്നു ഡിയാഗോയുടെ തീരുമാനം. ഒരു ആഡംബര റിസോർട്ടിൽ വിവാഹവേദി തയാറാക്കി. തന്നെ തന്നെയായിരിക്കും വിവാഹം ചെയ്യുകയെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഒക്ടോബര്‍ 17ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 40 പേര സാക്ഷിയാക്കി ചടങ്ങുകൾ നടന്നു.
ജീവിതത്തില്‍ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാതെ പോകുമായിരുന്ന ഒരു ദിവസത്തെ താൻ തമാശയാക്കി മാറ്റിയെന്നാണ് ഡിയാഗോ ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിതെന്നും വിറ്ററിനോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും തീരുമാനങ്ങളെടുക്കാൻ അവർക്ക് പൂർണ അവകാശമുണ്ടെന്നും ഡിയാഗോ കുറിച്ചു.