ഭാഗ്യാന്വേഷികളെല്ലാം ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് ലോട്ടറി. ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി എടുക്കാത്തവർ ചുരുക്കമാണ്. എന്നാൽ, ജീവിതം മാറ്റിമറിച്ച നിമിഷം, ആ സന്തോഷത്തിന്റെ നിമിഷം ക്യാമറയിൽ പകർത്തിയ കാഴ്ച ശ്രദ്ധനേടുകയാണ്.
ടെറി കെന്നഡി എന്ന വ്യക്തിയ്ക്ക് അന്നും ജോലിസ്ഥലത്ത് ഒരു സാധാരണ ദിവസമായിരുന്നു. എന്നാൽ ലോട്ടറി നറുക്കെടുപ്പിന്റെ ഫലം നോക്കുന്ന കെന്നഡിയുടെ വിഡിയോ സഹപ്രവർത്തകൻ പകർത്തി. അപ്രതീക്ഷിതവും ആകസ്മികവുമായി ലോട്ടറിയടിച്ചത് 10 കോടി രൂപ.
ജീവിതം മാറ്റിമറിച്ച ആ ഫല പ്രഖ്യാപനത്തോട് അദ്ദേഹം പ്രതികരിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതിന് ശേഷം തനിക്ക് ഭ്രാന്തായതാണോ എന്നൊക്കെയാണ് ടെറി കെന്നഡി ആദ്യം കരുതിയത്. തുടർന്ന് അദ്ദേഹം ലോട്ടറി അതോറിറ്റിയെ വിളിച്ച് വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.
വിഡിയോയിൽ ഫലപ്രഖ്യാപനസമയത്ത് മുഖം മറച്ച് ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന കെന്നഡിയെ കാണാം. ഒടുവിൽ ഓപ്പറേറ്റർ വാർത്ത സ്ഥിരീകരിച്ചപ്പോൾ അമ്പരപ്പായിരുന്നു മുഖത്ത്. 2011-ൽ ഷെഫീൽഡ് യുണൈറ്റഡിനായി വിരമിച്ച ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ടെറി.