കുഞ്ഞ് അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് നിർമാതാവായ നിധി പർമർ ഹിരനന്ദനിയും ഭർത്താവ് തുഷാറും.വിവാഹം കഴിഞ്ഞ് ഒന്‍പതു വർഷങ്ങൾക്കു ശേഷം 2020 ഫെബ്രുവരി 20നാണ് ഇവർക്ക് ആൺകുഞ്ഞു പിറന്നത്.ഇപ്പോൾ നിധിയുടെ പുതിയ തീരുമാനം കേട്ട് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞിനു നൽകിയ ശേഷമുള്ള മുലപ്പാൽ ആവശ്യമുള്ള മറ്റുകുഞ്ഞുങ്ങൾക്ക് നൽകുകയാണ് നിധി.ജന്മം നൽകാത്ത കുഞ്ഞുങ്ങൾക്ക് കൂടി അമ്മയുടെ സ്ഥാനമാണ് ഇപ്പോൾ നിധി പർമർ ഹിരനന്ദനി എന്ന മുംബൈ യുവതിക്ക്. തന്റെ കുഞ്ഞിന് മാത്രമല്ല ഊരും പേരും അറിയാത്ത അനേകം കുഞ്ഞുങ്ങൾക്ക് കൂടി മുലപ്പാലൂട്ടി വിശപ്പാറ്റുകയാണ് ഈ അമ്മ.ഇതിനകം നാൽപതു ലിറ്ററിൽപ്പരം മുലപ്പാലാണ് നിധി ദാനം ചെയ്തിരിക്കുന്നത്.
‘കുഞ്ഞിന് ആവശ്യത്തിനു നൽകിയ ശേഷവും മുലപ്പാൽ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മുലപ്പാൽ എടുത്ത് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ മൂന്നോ നാലോ മാസം ഉപയോഗിക്കാമെന്ന് ഇന്റർനെറ്റില്‍ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെയാണ് മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങിയത്. കുഞ്ഞിന് ആവശ്യമുള്ളതും കഴിഞ്ഞ് ഫ്രീസർ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് ബാക്കിയുള്ള പാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചത്. മൂന്നുമാസം വരെ മാത്രമേ ഫ്രീസറിൽ കേടുകൂടാത പാൽ ഇരിക്കുകയുള്ളൂ എന്നും പലയിടത്തും കണ്ടിരുന്നു.എന്നാൽ അവ ഫേസ്പാക് തയ്യാറാക്കാൻ ഉപയോഗിക്കാം എന്നും കുഞ്ഞിനെ കുളിപ്പിക്കാൻ എടുത്തോളൂ എന്നും വലിച്ചെറിയുക മാത്രമേ വഴിയുള്ളു എന്നുമൊക്കെയാണ് മറുപടികൾ വന്നത്. എന്നാൽ ഇവയേക്കാളെല്ലാം കുഞ്ഞുങ്ങളുടെ വിശപ്പാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്ന് നിധി ആലോചിക്കുകയായിരുന്നു.അങ്ങനെയാണ് മുലപ്പാൽ ദാനത്തെ കുറിച്ച് അറിയാൻ സാധിച്ചത്.മുംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാൽ നൽകുന്നത്. 2019 മുതൽ ആശുപത്രിയിൽ ബ്രസ്റ്റ് മിൽക്ക് ബാങ്ക് നിലവിലുണ്ട്. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാൽ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു.
‘ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള എന്റെ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യം സംസാരിച്ചു. അവരാണ് സൂര്യ ആശുപത്രിയിലേക്ക് പാൽ നൽകാൻ പറഞ്ഞത്. 20 പാക്കറ്റ് പാൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് വീട്ടിലുള്ളതിനാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പാൽ എത്തിക്കാൻ എനിക്ക് പ്രയാസമായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ വീട്ടിൽ വന്ന് പാൽ ശേഖരിക്കാൻ സന്നദ്ധതകാണിച്ചു’– നിധി വ്യക്തമാക്കി.അങ്ങനെ ഈ മെയ് മാസം മുതൽ ഇന്നുവരെ 41 ലിറ്ററോളം മുലപ്പാൽ നിധി ദാനം ചെയ്തു.ആവശ്യത്തിന് പാൽ ലഭിക്കാത്ത അമ്മമാരുടെയും മരുന്നുകളും മറ്റും കഴിക്കുന്നതിനാൽ മുലയൂട്ടാൻ കഴിയാതിരിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കുമൊക്കെയാണ് നിധിയുടെ മുലപ്പാൽ ഉപകാരമാകുന്നത്.മുലപ്പാലൂട്ടുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള ജനങ്ങളുടെ വിമുഖതയെക്കുറിച്ചും നിധി പറയുന്നു. മുലപ്പാൽ ദാനം ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങളോടും മറ്റും പറഞ്ഞപ്പോൾ ഇതെങ്ങനെ പരസ്യമായി പറയും എന്നു ചോദിച്ചവരുണ്ടെന്നും നിധി പറയുന്നു.