ലോക്ഡൗണില്‍ ഇവിടെ നൈറ്റ് പെട്രോളിംഗ് നടത്തുന്നത് പോലീസല്ല; പ്രേതങ്ങള്‍

കൊറോണാ വൈറസിന്റെ ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലമാണെന്ന് ഇതിനകം ഒട്ടുമിക്ക രാജ്യങ്ങളും പഠിച്ചു കഴിഞ്ഞു. കൂട്ടം കൂടാന്‍ അനുവദിക്കാതെ നാട്ടുകാരെ വീട്ടിനുള്ളില്‍ ഇരുത്താന്‍ ലക്ഷ്യമിട്ടുള്ള ലോക്ഡൗണ്‍ മിക്കയിടത്തും തുടരുകയുമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ അതിജീവിച്ച് രാത്രിയില്‍ തെരുവില്‍ ഇറങ്ങുന്നവരെ ഓടിക്കാന്‍ ഈ ഗ്രാമങ്ങളില്‍ പെട്രോളിംഗ് നടത്തുന്നത് പോലീസല്ല കുഴിയില്‍ നിന്നും എഴുന്നേറ്റു വന്ന പ്രേതങ്ങളാണ്. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തത് ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപു ഗ്രാമത്തിലാണ്.

4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര്‍ മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു. ആള്‍ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ​ ‘പൊക്കോംഗ്’ കളെ ഇറക്കി.

ഇന്തോനേഷ്യന്‍ പഴമക്കാരുടെ കഥകളില്‍ ഏറെ ഭീതി വിതയ്ക്കുന്നവയാണ് പൊക്കോംഗുകള്‍. തലയിലും കാലിലും കെട്ടോട് കൂടിയ വെള്ളവസ്ത്ര വേഷത്തില്‍ പൊക്കോംഗുകള്‍ ജനക്കൂട്ടത്തിന് അരികിലേക്ക് എത്തുമ്പോള്‍ നാട്ടുകാര്‍ പേടിച്ച് ഓടും. നിര്‍ദേശങ്ങള്‍ അവഗണിച്ച് നാട്ടുകാര്‍ രാത്രിയില്‍ കൂട്ടം കൂടുകയും രോഗബാധ പടരുമെന്നുമുള്ള ഭീതി പരക്കുകയും ചെയ്തതോടെ ഇന്തോനേഷ്യന്‍ പോലീസും ഗ്രാമത്തിലെ യുവസംഘത്തിന്റെ തലവനും സഹകരിച്ചുണ്ടാക്കിയ തന്ത്രം വന്‍ വിജയമാകുകയായിരുന്നു. പ്രേതത്തിന്റെ വേഷം കെട്ടിയ യുവാക്കള്‍ ഭീതിയുടെ വിത്തു വിതച്ചു.

അങ്ങുമിങ്ങൂമായി ഇരുട്ടത്ത് പൊക്കോംഗു കളെ കാണാന്‍ തുടങ്ങിയതോടെ പേടിച്ച് മാതാപിതാക്കളും കുട്ടികളുമെല്ലാം വീട് വിട്ട് പുറത്തിറങ്ങാതായി. വൈകിട്ടത്തെ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പിന്നെ ഒരുത്തനും പ്രേതത്തെ പേടിച്ച് വീട്ടില്‍ നിന്നും വെളിയില്‍ വരാതായതോടെ പാതകള്‍ വിജനമായി. ഇന്തോനേഷ്യയില്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ മാര്‍ച്ച് 31 നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രാലയം പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും സഞ്ചാരിക്കുന്നതിനും വിലക്കുണ്ട്. വിദേശത്ത് നിന്നും വന്ന ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്ക് 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ്19 വൈറസ് ബാധയുടെ അപകടമോ പ്രശ്‌നങ്ങളോ ഇപ്പോഴും ഇന്തോനേഷ്യന്‍ ജനത ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് കെപുവാ ഗ്രാമത്തിലെ തലവന്‍ പറയുന്നത്. അതുകൊണ്ട് വീട്ടില്‍ അടങ്ങിയിരിക്കാനുള്ള നിര്‍ദേശമെല്ലാം അവഗണിച്ച് അവര്‍ ഇപ്പോഴും സാധാരണ ജീവിതം നയിക്കുകയാണ്.

hgc
Previous article52 വയസ്സുകാരിയായ നെയ്മറുടെ അമ്മയ്ക്ക് 22 കാരൻ പങ്കാളി..!
Next articleറോഡിലുടെ ഒഴുകി വരുന്ന പാല്‍ നായ്ക്കളോടൊപ്പം കോരിക്കുടിക്കുന്ന മനുഷ്യന്‍; ലോക്ഡൗണില്‍ വേദിപ്പിക്കുന്ന കാഴ്ച

LEAVE A REPLY

Please enter your comment!
Please enter your name here