കോവിഡ് ലോക്ക്ഡൗൺ ലംഘനങ്ങൾക്കെതിരായ ബോധവൽക്കരണത്തിനായി തമിഴ് നാട്ടിലെ തിരുപ്പൂർ പൊലീസ് തയ്യാറാക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ഹെൽമറ്റോ മാസ്കോ ധരിക്കാതെ ഒരു ബൈക്കിൽ യാത്രചെയ്ത മൂന്ന് യുവാക്കളെ പൊലീസ് പിടികൂടുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് വീഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. യുവാക്കളെ ചോദ്യം ചെയ്യുന്ന പൊലീസ് അവർ അത്യാവശ്യ കാര്യങ്ങൾക്കല്ല പുറത്തിറങ്ങിയതെന്ന് മനസ്സിലാക്കുകയും തുടർന്ന് തൊട്ടടുത്തുള്ള ആംബുലൻസിന് സമീപത്തേക്ക് കൊണ്ടു പോവുകയും ചെയ്യുന്നതാണ് വീഡിയോയുടെ ആദ്യ രംഗങ്ങളിലുള്ളത്.
തുടർന്ന് ആംബുലൻസിനകത്തേക്ക് യുവാക്കളെ പൊലീസ് തള്ളിവിടുന്നു. ആംബുലൻസിനകത്ത് മുഖം മൂടി ധരിച്ചിരിക്കുന്ന മറ്റൊരാളുമുണ്ടായിരുന്നു. അയാൾ കോവിഡ് രോഗിയാണെന്ന് പൊലീസ് യുവാക്കളോട് പറയുന്നു. ഇതുകേട്ട യുവാക്കൾ ആംബുലൻസിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയും ചെയ്യുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ കോവിഡ് ഭീഷണിയെക്കുറിച്ചും ലോക്ക്ഡൗൺ നിർദേശങ്ങളെക്കുറിച്ചും സംസാരിക്കുന്നതും പൊലീസ് പിടികൂടിയ മൂന്നു യുവാക്കളും മാസ്ക് ധരിച്ച് പിറകിൽ നിൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടെ ആംബുലൻസിൽ കോവിഡ് രോഗിയായി അഭിനയിച്ച യുവാവ് യഥാർത്ഥ കോവിഡ് രോഗിയല്ലെന്ന് വീഡിയോയിൽ പൊലീസ് വിശദീകരിക്കുകയും ചെയ്യുന്നു.
ലോക്ക്ഡൗൺ ലംഘിച്ച യുവാക്കൾ കോവിഡ് മഹാമാരിയുടെ ഗൗരവം തിരിച്ചറിഞ്ഞുവെന്ന് പൊലീസ് ഉദ്യോഗസ്ഥ ജി പളനിയമ്മാൾ വീഡിയോയിൽ പറയുന്നു. ജനങ്ങൾ വീട്ടിലിരക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.