അടുക്കളയിൽ പാചകത്തിനിടെ പാടിയ ഗാനത്തിലൂടെ ഒരു പെൺകുട്ടി താരമായത് അടുത്തിടെയാണ്. പസൂരി എന്ന പാക്കിസ്ഥാൻ ഗാനം ആണ് പെൺകുട്ടി ആലപിച്ചത്. ഇപ്പോഴിതാ, സമാനമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. പാചകത്തിനിടെയാണ് ഈ യുവതിയും ഗാനം ആലപിക്കുന്നത്.
മേരെ നൈന എന്ന ഗാനമാണ് യുവതി ആലപിക്കുന്നത്. 1976-ലെ ഹിറ്റ് ഗാനമായ മേരേ നൈന സാവൻ ഭദോൻ എന്ന ഗാനം റൊട്ടി ഉണ്ടാക്കുന്നതിനിടയിൽ ഒരു സ്ത്രീ പാടുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വിഡിയോ വൈറലായി മാറുകയും സോഷ്യൽ മീഡിയയിൽ വലിയതോതിൽ അഭിനന്ദനം നേടുകയും ചെയ്തു.
വിഡിയോപകർത്തുന്നത് ഒരു കൊച്ചുകുട്ടിയാണ്. ആ പെൺകുട്ടി പാടാൻ സ്ത്രീയോട് ആവശ്യപ്പെടുന്നത് കേൾക്കാം. പിങ്ക് നിറത്തിലുള്ള സാരി ഉടുത്ത് നിലത്തിരുന്ന് റൊട്ടി ഉണ്ടാക്കുന്ന തിരക്കിലായ സ്ത്രീ, വളരെ മടിയോടെയാണ് പാടാൻ ആരംഭിക്കുന്നത്.
പാടിത്തുടങ്ങിയതും അമ്പരപ്പിച്ചുകളഞ്ഞു എന്നുവേണം പറയാൻ. അത്രമനോഹരമാണ് യുവതിയുടെ ആലാപനം. കണ്ണടച്ചുതുറക്കുമ്പോൾ താരമാകുന്നവർ എന്ന് കേട്ടിട്ടില്ലേ. അങ്ങനെ ജീവിതം മാറിമറിഞ്ഞവർ ഒട്ടേറെയുണ്ട്.
അത്തരത്തിൽ താരമായ ഈ യുവതിയെ തിരയുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. അതേസമയം, പസൂരി ഗാനം പാടി താരമായ യുവതി ഇൻസ്റ്റഗ്രാം താരം കൂടിയാണ്.