പ്രഭാത വ്യായാമത്തിനിടെ നഗരത്തിലൂടെ സൈക്കിളിൽ പാഞ്ഞ് നടൻ മോഹൻലാൽ. ബോക്സിംഗ് പരിശീലനത്തിൽ മുഴുകിയ താരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. സമീറിനെ പിന്നിലാക്കി മുന്നേറുന്ന മോഹൻലാൽ ആണ് വീഡിയോയിൽ കാണുന്നത്. സമീർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.
ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം നേരത്തേയും വൈറലായിട്ടുണ്ട്. അടുത്തിടെ കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.
താരത്തിന്റെ ആരോഗ്യ ചിന്തകൾ മാത്രമല്ല ഓടിച്ച സൈക്കിളും ആരാധകരെ ഏറെ ആകർഷിച്ചു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വിഡിയോയിലുള്ളത്. ക്രൂസ് എം ബൈക്കിന്റെ മൂന്നാം തലമുറയാണിത്. 2014 ലാണ് വിപണിയിലെത്തിയത്. സൈക്കിളിന്റെ നാലാം തലമുറ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏകദേശം 1.60 ലക്ഷം രൂപയാണ് പുതിയതിന്റെ വില.
’നാടുവാഴികൾ’ സിനിമയിൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചു പോകുന്ന രംഗം ചിത്രീകരിച്ച രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ… എന്ന് തുടങ്ങുന്ന ഗാനമാണ് അകമ്പടി. ‘അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ’ എന്നാണ് ക്യാപ്‌ഷൻ. വെള്ള ടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് തന്റെ ബിഎംഡബ്ല്യു സൈക്കിളില്‍ നീങ്ങുന്ന താരത്തിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.