ചൈനീസ് ആപ്പായ ടിക് ടോക്കില്‍ കൊച്ചു കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ പോലും സജീവമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ടിക്ടോക് ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരനാണ് റിയാസ് അലി എന്ന 17-കാരന്‍. ഏകദേശം 4.4 കോടി പേരാണ് റിയാസിനെ ഫോളോ ചെയ്യുന്നത്. അതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ 7.9 മില്യൺ പേരാണ് റിയാസിനെ ഫോളോ ചെയ്യുന്നത്. അഭിനയിക്കാനുള്ള മോഹം കൊണ്ട് ടിക്ടോക് ചെയ്തു തുടങ്ങിയ റിയാസ് ഇന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഇന്‍ഫ്‌ലുവന്‍സിങ്, സിനിമ പ്രമോഷനുകള്‍, മ്യൂസിക് ആല്‍ബങ്ങളിലെ അഭിനയം, മോഡലിങ് എന്നിവയൊക്കെ ചെയ്യാന്‍ തുടങ്ങി.
സഹോദരി റിസ അഫ്രീന്റെ പിന്തുണയോടെയാണ് റിയാസ് ആദ്യമൊക്കെ വിഡിയോകള്‍ ചെയ്തു തുടങ്ങിയത്. മികച്ച പ്രകടനത്തിനൊപ്പം റിയാസ് പിന്തുടര്‍ന്ന സ്‌റ്റൈലിഷ് ഹെയര്‍സ്‌റ്റൈലും ഡ്രസ്സിങ്ങുമാണ് റിയാസിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. സഹോദരിക്കൊപ്പം അച്ഛന്‍ അഫ്രോസ് അഫ്രീനും അമ്മ ഷബ്‌നവും റിയാസിന് പിന്തുണ നല്‍കുന്നുണ്ട്. ഇന്‍ഫ്‌ലുവന്‍സ് വിഡിയോകള്‍ ചെയ്തും ഇവന്റുകളില്‍ പങ്കെടുത്തും മോഡലായും 3 ലക്ഷം രൂപ വരെ റിയാസ് മാസം വരുമാനം നേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാ താരങ്ങള്‍ക്കു ലഭിക്കുന്ന സ്വീകരണമാണ് പലയിടത്തും റിയാസിന് ലഭിച്ചത്. ഇതോടെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇന്‍ഫ്‌ലുവന്‍സിങ് വിഡിയോകള്‍ ചെയ്യാനായി സമീപിച്ചു തുടങ്ങി. പിന്നീട് നേഹ കക്കര്‍, സിദ്ധാര്‍ഥ് നിഗം, അനുഷ്‌ക സെന്‍, അവനീത് കൗര്‍ എന്നിവരുടെ മ്യൂസിക്കല്‍ വിഡിയോകളിലും റിയാസിന് അവസരം ലഭിച്ചു. ദീപിക പദുകോണിനൊപ്പം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. എങ്ങനെ ഇത്ര പ്രശസ്തനായി എന്ന ചോദ്യത്തിന് മികച്ചതും പുതുമയുള്ളതുമായ വിഡിയോകള്‍ ചെയ്യുക മാത്രമേ വഴിയുള്ളൂ എന്നാണ് ഒരു അഭിമുഖത്തില്‍ റിയാസ് മറുപടി നല്‍കിയത്.