മലയാള സിനിമ, ടെലിവിഷൻ, സ്റ്റേജ് ഷോകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും ഹാസ്യനടനും തിരക്കഥാകൃത്തുമാണ് ശശാങ്കൻ മയ്യനാട്. ഹാസ്യനടനും എഴുത്തുകാരനുമായി മിമിക്രി സൈന്യത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹം പിന്നീട് ഏഷ്യാനെറ്റിലെ റിയാലിറ്റി ടിവി ഷോ കോമഡി സ്റ്റാർസിൽ മത്സരിച്ച് പ്രശസ്തി നേടി. 2019 ൽ മാർഗംകളി എന്ന കോമഡി നാടകത്തിലൂടെ ഒരു തിരക്കഥാകൃത്തായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ശശാങ്കന്റെ ഭാര്യ ആനി, ഇവരുടേത് പ്രണയവിവാഹം ആയിരുന്നു. ഇത് താരം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇരുവർക്കും ശിവാനി എന്ന് പേരുള്ള മകൾ കൂടെയുണ്ട്. ഒളിച്ചോടിയാണ് ഇവർ വിവാഹം ചെയ്യുന്നത്.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. ശശാങ്കന്റെ വാക്കുകൾ ഇങ്ങനെ; പത്താം ക്ലാസിന് ശേഷമാണ് മിമിക്രിയിൽ സജീവമാവുന്നത്. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് കൊണ്ടുതന്നെ എസ്.എസ്.എൽ.സി ജയിച്ചിട്ടും പഠിക്കാൻ പോയില്ല. മിമിക്രിയ്‌ക്കൊപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാർക്കപ്പണിയുമൊക്കെ ചെയ്താണ് കലാ രംഗത്ത് സജീവമാകുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള യാത്രക്കിടയിലാണ് കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്ന് കയറുന്നത്. അപ്പോഴാണ് കാഷ് കൗണ്ടറിലിരിക്കുന്ന പെൺകുട്ടി ശശാങ്കന്റെ ആരാധികയാണെന്ന് അറിയുന്നത്.
അങ്ങനെ പരിചയപ്പെട്ടു, പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ഞാൻ കടയിലെ നിത്യസന്ദർശകനായി മാറി. സന്ദർശനം പതിവ് ആയതോടെ ആരാധിക തന്റെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ആളാണെന്ന് മനസിലാക്കി. അങ്ങനെയാണ് മെർലിൻ എന്ന ആനി എന്റെ ജീവിത പങ്കാളിയായി എത്തുന്നത്. ഇരുവരുടെയും വിവാഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പിന്തുണ ഇല്ലാതെയാണ് വിവാഹം നടത്തിയത്. വിവാഹശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ ലഭിച്ചത്.
ഞങ്ങൾ രണ്ട് മതത്തിൽ ഉള്ളവർ ആയതാണ് വിവാഹത്തിന് പ്രശ്‌നം ആയത്. വീട്ടുകാർ സമ്മതിക്കില്ലെന്ന് മനസിലായതോടെ ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ മണവാട്ടിയെയും കൊണ്ട് ഞാൻ നേരെ പോയത് കോമഡി സ്റ്റാർസിലെ കലാകാരൻമാരും കൽപന ചേച്ചിയൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ യിലേക്ക് ആയിരുന്നു. കൽപ്പന ചേച്ചിയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് അന്ന് ഞാൻ അവതരിപ്പിച്ചത്. ആ പരിപാടി കഴിഞ്ഞതിന് ശേഷമാണ് ആനിയെയും കൂട്ടി കൊണ്ട് എന്റെ വീട്ടിലേക്ക് പോവുന്നത്.