പ്രായമേറിയിട്ടും അതിന് മനസ് തോറ്റ്കൊടുക്കാത്ത ദമ്പതികളാണ് വിജയനും മോഹനയും. ഇന്നേവരെ ഇവർ സഞ്ചരിച്ചത് 24 രാജ്യങ്ങളാണ്. ലോകം ചുറ്റുന്ന ദമ്പതികളായ വിജയനെയും മോഹനയെയും അറിയാത്തവരായി ഇന്ന് കേരളത്തില്‍ ആരുമില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഇവരെ കാണാനായി എത്തുന്നുമുണ്ട്, അതിനിടയിൽ ഇവരെ കാണാനായി രണ്ടുപേര്‍ അങ്ങ് ദുബായില്‍ നിന്നും വന്നതാണ് ഇപ്പോഴത്തെ വാർത്ത. യു എ ഇയിലെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ദമ്പതികളായ ഖാലിദും സലാമയുമാണ് കൊച്ചിയുടെ സ്വന്തം ‘സഞ്ചാരിദമ്പതി’കളെ കാണാന്‍ എത്തിയത്. അവരുടെ കൂടിക്കാഴ്ചയുടെ വിശേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഖാലിദിന്റെ പോസ്റ്റ് ഏറെ വൈറലായിരുന്നു.
കേരളം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി വീഡിയോ ആക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ കാണിക്കാനാണ് ഖാലിദും സലാമയും എത്തിയത്. 2018ല്‍ കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയ സമയത്ത് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് ഇവര്‍ ഇട്ട പോസ്റ്റ് വൈറല്‍ ആവുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. കേരളം വീട് പോലെ തന്നെയാണ് തോന്നിയതെന്നും ഇവിടത്തെ ഊഷ്മളമായ സ്വീകരണത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും ഖാലിദും പറഞ്ഞിരുന്നു.ഇ വരുടെ യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗര്‍ പങ്കു വച്ച പോസ്റ്റിലൂടെയും ലക്ഷക്കണക്കിനു പേര്‍ ഇവരെപ്പറ്റി അറിഞ്ഞു. പിന്നീടിങ്ങോട്ട് കൊച്ചിയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര യാത്രികരും വിജയന്‍റെ ചായക്കടയിലെത്തും.
കൊച്ചിയിലെ ഇവരുടെ സ്ഥാപനത്തില്‍ വേറെ ഒരു തൊഴിലാളിയുമില്ല. ചായയും ചെറുകടികളും വിളമ്പുന്ന ഇവിടുത്തെ ദിവസ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം മാറ്റിവെയ്ക്കും. ഈ തുകയ്ക്കൊപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം ജോലിയെടുത്ത് ആ ലോൺ തിരിച്ചടയ്ക്കും. ഇതാണ് ഇവരുടെ യാത്രയുടെ ഒരു രീതി. ദിവസവും 300 മുതൽ 350 പേർ വരെയാണ് ശ്രീ ബാലാജി കോഫി ഹൗസിൽ ചായ കുടിക്കാനെത്തുന്നത്. ദുബായില്‍ വിജയന് ഏറ്റവും ഇഷ്ടമുള്ള കാര്യം അവിടുത്തെ ചായയാണ്. രണ്ടു രാജ്യങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കുന്നത് തന്നെ ചായ ആണെന്നാണ് വിജയന്‍റെ അഭിപ്രായം.