സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരും, മറ്റ് പൊതുമേഖലയിൽ പ്രശസ്തരായവരും മത്സരാർത്ഥികളായി എത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിനോടകം നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞിട്ടുള്ള കാര്യം എല്ലാവർക്കും അറിയാം. ഏറെ വിവാദങ്ങൾ നിറഞ്ഞൊരു സീസൺ ആയിരുന്നു നാലാമത്തേത്. ഒടുവിൽ വിജയിയെ തിരഞ്ഞെടുത്തപ്പോഴും അതുണ്ടായി. നർത്തകിയായ ദിൽഷ പ്രസന്നൻ ആയിരുന്നു വിജയിയായി എത്തിയത്. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി കൂടിയായിരുന്നു ദിൽഷ.
എന്നിട്ടും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകർ കാരണമാണ് ദിൽഷ വിജയിച്ചതെന്നായിരുന്നു വിമർശനം. ഷോ നടക്കുമ്പോൾ ശത്രുക്കളായി നിന്നവർ പലരും പുറത്തിറങ്ങിയപ്പോൾ മിത്രങ്ങളായി മാറി. എങ്കിൽ അടുത്ത സുഹൃത്തുക്കളായി നിന്നവരിൽ ചിലർ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ആ ബന്ധത്തിൽ വിള്ളൽ വന്നതുമുണ്ട്. ബിഗ് ബോസ് വീട്ടിനുള്ളിൽ പലപ്പോഴും വാക്ക് പോര് നടത്തിയിട്ടുള്ള രണ്ടു പേരായിരുന്നു ദിൽഷയും ജാസ്മിൻ എം മൂസയും.
എങ്കിലും ഉള്ളിൽ പരസ്പരം ബഹുമാനം കാത്തുസൂക്ഷിച്ചവർ ആയിരുന്നു രണ്ടുപേരും. ഷോ കഴിഞ്ഞ് പുറത്തിറങ്ങി ആദ്യമായി ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. വെറുമൊരു കണ്ടുമുട്ടലല്ല ഇത്. ഷോയിൽ പോലും ഡാൻസ് ചെയ്യാൻ മടിച്ചുനിന്ന ജാസ്മിൻ ദിൽഷയ്ക്ക് ഒപ്പം ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ചെയ്തുകൊണ്ടാണ് ഇരുവരും കണ്ടുമുട്ടിയ കാര്യം ആരാധകരെ അറിയിച്ചത്. മോളെ ദിലു എന്ന് ജാസ്മിൻ വിളിച്ചുകൊണ്ടാണ് ഡാൻസ് ആരംഭിക്കുന്നത്. സലിം കുമാർ സ്റ്റെപ്പ് ഒക്കെയാണല്ലോ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഇരുവരും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.