ചെക്യാട് ചെറുവരത്താഴ തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്ന് വയസ്സുകാരൻ്റെ ജീവൻ രക്ഷിച്ച് ഒൻപത് വയസ്സുകാരി മയൂഖ നാടിനഭിമാനമായി.കഴിഞ്ഞ ദിവസം (04.08.2020) വൈകുന്നേരം തോട്ടിൽ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്ന വളയം പഞ്ചായത്തിലെ വേങ്ങോൽ മനോജൻ – പ്രേമ ദമ്പതികളുടെ മകളായ മയൂഖയാണ് വളയം പഞ്ചായത്തിലെ വേങ്ങോൽ മൂസ്സ – സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിൻ്റെ ജീവൻ രക്ഷിച്ചത്.
മുഹമ്മദിൻ്റെ സഹോദരങ്ങൾ കുളിക്കാൻ വീടിനോട് ചേർന്നുള്ള തോട്ടിലേക്ക് പോയപ്പോൾ വീട്ടുകാർ അറിയാതെ മുഹമ്മദും പോയതായിരുന്നു. മുഹമ്മദ് വെള്ളത്തിൽ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്കിറങ്ങി വെള്ളത്തിൽ മുങ്ങിയിട്ടാണ് വെള്ളത്തിനടിയിലായ മുഹമ്മദിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഇതുകണ്ട കുട്ടികൾ ഒച്ചവെച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി പ്രാഥമിക ശുശ്രൂഷ നൽകിയാണ് ജീവൻ രക്ഷിച്ചത്. ചെക്യാട് ഈസ്റ്റ് എൽ.പി.സ്കൂൾ നാലാംതരം വിദ്യാർത്ഥിനിയാണ് മയൂഖ. ഈ കൊച്ചു മിടുക്കിക്ക് നാടിൻ്റെ നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.