ചന്ദനമഴയിലെ അമൃതയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അമൃതയായി എത്തിയത് മേഘ്‌ന വിൻസെന്റ് എന്ന നടിയായിരുന്നു. ദേശായി കുടുംബത്തിലെ വിശേഷങ്ങൾ പറഞ്ഞു വന്ന കഥയിൽ കേന്ദ്രകഥാപാത്രമായിട്ടാണ് അമൃത നിറഞ്ഞുനിന്നത്. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. റേറ്റിങ്ങിൽ മുൻപന്തിയിൽ നിന്ന പരമ്പരയിൽ നിന്നും പെട്ടെന്നായിരുന്നു അമൃതയുടെ പിന്മാറ്റം. സീരിയലിൽ നിന്നും താരത്തെ മാറ്റിയാണതെന്നും അല്ലെന്നും ശ്രുതികൾ വന്നിരുന്നു. എന്നാൽ വിവാഹത്തിരക്കുകൾ കൊണ്ട് താൻ പരമ്പരയിൽ നിന്നും പിന്മാറിയതായിരുന്നുവെന്നാണ് മേഘ്‌ന നൽകിയ വിശദീകരണം. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട പുതിയ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
മലയാള ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപെടാതിരിക്കുന്ന മേഘ്ന ഏറ്റവും ഒടുവിലായി തമിഴിലെ പൊന്മകൾ വന്താൽ എന്ന സീരിയലിൽ ആണ് അഭിനയിച്ചത്. പത്തോളം മലയാള തമിഴ് സീരിയലുകളിൽ അഭിനയിച്ച മേഘ്ന മലയാളത്തിലേക്ക് എത്താനുള്ള ആഗ്രഹം അടുത്തിടെ നൽകിയ അഭിമുഖത്തിൽ അറിയിച്ചുരുന്നു. മേഘ്ന സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ നിന്നാണ് ടെലിവിഷൻ ലോകത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് നിരവധി മലയാളം -തമിഴ്‍ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2017 ഏപ്രിൽ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്‌നയുടെയും ഡോണിന്റെയും വിവാഹം നടക്കുന്നത്. ബിസിനസ്മാനായ തൃശൂർ സ്വദേശി ഡോൺ ടോണി ആയിരുന്നു താരത്തിന്റെ ഭർത്താവായി എത്തിയത്. എന്നാൽ വെറും ഒരു വര്ഷം മാത്രമായിരുന്നു ആ വിവാഹ ബന്ധത്തിന്റെ ആയുസ്സ്.
തൃശൂരിലെ പുഴയോരം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഡോണുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ- നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ ഏറെ വൈറൽ ആയി മാറിയിരുന്നു. രണ്ടുവർഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും കഴിഞ്ഞ വര്ഷം നിയമപരമായി വേര്പിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും വേർപിരിഞ്ഞ വാർത്ത പ്രചരിച്ചിരുന്നെങ്കിലും താരങ്ങൾ ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത് ഡോൺ വിവാഹത്തിനൊരുങ്ങുന്നുവെന്നാണ്. ഈ വര്ഷം തന്നെ ഡോണിന്റെ വിവാഹം ഉണ്ടാകുമെന്നാണ് അടുത്ത ബന്ധുക്കൾ നൽകുന്ന സൂചന.