മുല്ലപ്പൂവും കുംകുമവും അവൾക്ക് അവളുടെ പങ്കാളിയുടെ സാമീപ്യം നൽകുന്നെങ്കിൽ അവൾ അവയണിയട്ടെ!!! കുറിപ്പ് – ഡോ. സൗമ്യ സരിൻ

വേദനകളെ പുഞ്ചിരി കൊണ്ട് മായ്ച്ച മേഘ്‌നയെകുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സൗമ്യ സരിന്‍.സൗമ്യയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

ഈ ചിത്രം കുറെ സന്തോഷം തരുന്നതാണ്! മേഘ്‌നയുടെ നഷ്ടത്തിന്റെ ആഴം അളക്കാൻ ഞാൻ ആളല്ല. എനിക്കതിന് കഴിയുകയുമില്ല. എങ്കിലും അവളുടെ മുഖത്തെ ചിരി, നെറ്റിയിലെ സിന്ദൂര പൊട്ട് , പട്ടുസാരി – ഇതൊക്കെ എനിക്ക് കുറെ സന്തോഷം തരുന്നുണ്ട്. അവളിപ്പോഴും സുമംഗലിയാണ്, ദീർഘസുമംഗലി! ഭർത്താവിന്റെ മരണത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്കില്ല എന്ന് പറഞ്ഞ സതി നടന്നിരുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിൽ നിന്നെല്ലാം നാം എത്രയോ മുന്നോട്ട് വന്നിരിക്കുന്നു. ഇനിയും എത്രയോ മുന്നോട്ട് പോകാനിരിക്കുന്നു.

എനിക്കോർമ്മ വരുന്നത് കുട്ടിക്കാലതെ ഒരു സംഭവമാണ്. കുടുംബത്തിലെ ഒരു ചേച്ചിയുടെ കല്യാണനിശ്ചയമാണ്. മുല്ലപ്പൂവും സിന്ദൂരവുമൊക്കെ വെച്ച തളിക പെണ്ണിന്റെ രക്ഷിതാക്കളും ചെക്കന്റെ രക്ഷിതാക്കളും തമ്മിൽ കൈമാറുന്ന ഒരു ചടങ്ങുണ്ട്. ഞാൻ നോക്കുമ്പോൾ ചേച്ചിയുടെ അമ്മ വേദിയുടെ പുറത്താണ് നിൽക്കുന്നത്. പകരം അച്ഛന്റെ അനിയനും ഭാര്യയുമാണ് തട്ട് കൈമാറുന്നത്. എനിക്ക് കാര്യം മനസ്സിലായില്ല. ഞാൻ പതുക്കെ എന്റെ അമ്മയുടെ അടുത് സ്വകാര്യത്തിൽ ചോദിച്ചു. “അമ്മേ, അതെന്താ വല്യേമ്മ തട്ട് കൈമാറാത്തത്? സ്റ്റേജിലും കേറിയില്ലല്ലോ!” അപ്പോൾ അമ്മ വലിയൊരു രഹസ്യം പറയുന്ന പോലെ തിരിച്ചു എന്നോട് പറഞ്ഞു, ” അത് സുമംഗലി അല്ലാത്തത് കൊണ്ടാണ്. വല്യേച്ചൻ മരിച്ചില്ലേ! അപ്പോ വല്യേമ്മക്ക് മംഗല്യം ഇല്ല്യ. അങ്ങിനെ ഉള്ളവർ ശുഭകാര്യങ്ങളിൽ പങ്കെടുക്കില്ല്യ. തട്ട് കൈമാറാനും പാടില്ല്യ. അത് അശുഭമാണത്രെ! പറഞ്ഞു കേട്ടിട്ടുണ്ട് ”

എന്ത് അശുഭം?! സ്വന്തം അമ്മ മകളുടെ വിവാഹ നിശ്ചയ വേദിയിൽ നിൽക്കുന്നതിൽ എന്ത് അശുഭം?! ആ മോൾക്ക് ദീർഘമംഗല്യം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും അവിടെ കൂടിയവരിൽ ആ അമ്മ ആവില്ലേ? ഭർത്താവില്ലാതെ ആ പെൺകുട്ടിയെ ആ മണ്ഡപത്തിൽ നിർത്താൻ എത്ര കഷ്ടപെട്ടിട്ടുണ്ടാകും?! ആ മനസ്സ് ഇന്ന് എത്ര സന്തോഷിക്കുന്നുണ്ടാകും?! ആ തട്ട് കൈമാറാൻ അവരിലും അവകാശം അവിടെ വേറെ ആർക്കാണ്?! ഒരായിരം ചോദ്യങ്ങൾ മനസ്സിലൂടെ പോയി. പക്ഷെ ഉറക്കെ ചോദിക്കാനുള്ള ധൈര്യം അന്നില്ലായിരുന്നു. അന്നും ഇന്നും എനിക്കീ ദുരാചാരം മനസ്സിലായിട്ടില്ല.

ഭർത്താവ് മരിക്കുമ്പോൾ ഒരു സ്ത്രീക്ക് നഷ്ടപ്പെടുന്നത് എന്താണെങ്കിലും അതവൾക്ക് മാത്രം സ്വകാര്യമാണ്. അതിന് നമ്മൾ വിലയിടേണ്ട കാര്യമില്ല. അവളുടെ ഒരു സന്തോഷങ്ങളുടെയും അവസാനമല്ല അത്. അവളുടെ സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചു വിലങ്ങിടാനുള്ള കാരണം ആകരുത് അത്. തീരുമാനം, അതവൾക്ക് വിടുക. മുല്ലപ്പൂവും കുംകുമവും അവൾക്ക് അവളുടെ പങ്കാളിയുടെ സാമീപ്യം നൽകുന്നെങ്കിൽ അവൾ അവയണിയട്ടെ! ജീവിതത്തിൽ ഇനി എന്ത് വേണം എന്ത് വേണ്ട എന്നവൾ തീരുമാനിക്കട്ടെ! അവൾക്ക് നഷ്ടപെട്ടത് തിരിച്ചു കൊടുക്കാൻ നമുക്ക് കഴിയില്ല! എങ്കിലും സ്വന്തം ജീവിതം എങ്ങിനെ ജീവിച്ചു തീർക്കണം എന്ന തീരുമാനത്തിന്റെ അവകാശമെങ്കിലും ഇനി അവൾക്ക് കൊടുക്കാം! അവളുടെ കൂടെ നമുക്കും ചിരിക്കാം! ഡോ. സൗമ്യ സരിൻ

Previous articleസാരിയിൽ സ്റ്റൈലിഷ് ലുക്കിൽ റീമ കല്ലിങ്കൽ; ഫോട്ടോസ്
Next articleഒപ്പം നിന്നവർക്ക് പ്രതീക്ഷയുമായി ജീവിതത്തിലേക്ക് പുതിയ ചുവട് വച്ച് ശരണ്യ

LEAVE A REPLY

Please enter your comment!
Please enter your name here