കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമാണ് മീശക്കാരി എന്ന് സ്വയം വിശേഷിപ്പിച്ച ഷൈജയുടേത്. വേൾഡ് മലയാളി എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ മീശക്കാരി എന്ന് വിശേഷിപ്പിച്ചാണ് ഷൈജ രംഗത്ത് വന്നത്. ആദ്യം ചിത്രം കണ്ടവർ ഒന്നു നെറ്റിചുളിക്കുമെങ്കിലും പിന്നീട് ഷൈജയുടെ നിലപാട് വ്യക്തമാക്കിയപ്പോൾ ഷൈജയെ പിന്തുണച്ചാണ് സോഷ്യൽ മീഡിയ ഒപ്പം കൂട്ടിയത്.
ഇന്നത്തെ ന്യൂജെൻ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്ന് വേറിട്ടൊരു മുഖമാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഈ ‘മീശക്കാരി’. എന്റെ മൂക്കിന് താഴെയുള്ള മീശകണ്ട് ആരും പുകിലുണ്ടാക്കണ്ടെന്നും എന്റെ മീശ എന്റെ മേൽവിലാസമാണെന്നും ഷൈജ പറയുന്നു.
എന്റെ മറ്റേത് ശരീരഭാഗങ്ങളേയും പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മീശയെന്നും. അതിന്റെ മേൽ കത്തിവയ്ക്കാൻ തൽക്കാരം താൽപര്യമില്ലെന്നും മറ്റുള്ളവരുടെ കളിയാക്കലുകളെ മൈൻഡാക്കുന്നില്ലെന്നും തന്റേടത്തോടെ പറയുകയാണ് ഈ മീശക്കാരി. കൗമാരം കടന്ന് യൗവനത്തിലേക്ക് എത്തിയപ്പോൾ തന്നെ മൂക്കിന് താഴെയുള്ള മീശ ശക്തമായി വന്നുതുടങ്ങി. അന്നു തുടങ്ങിയതാണ് കളിയാക്കലുകൾ.
ഇന്നും ആ കളിയാക്കലുകൾക്കും മനുഷ്യന്റെ മനസ്സിനും മാറ്റമില്ലെന്നും ഷൈജ പറയുന്നു, ആദ്യമൊക്കെ സുഹൃത്തുക്കളും കുടുംബക്കാരും കളിയാക്കുമായിരുന്നു. പിന്നെ പിന്നെ അവർക്ക് മനസിലായി എനിക്ക് എന്റെ മീശയോടുള്ള ആത്മബന്ധം. അതോടെ വീട്ടുകാരുടെ വക കളിയാക്കലുകൾ നിന്നുവെന്നും ഷൈജ മനസ്സുതുറന്നു.
ഏതെങ്കിലും ആൾക്കൂട്ടത്തിലോ ചടങ്ങുകൾക്കോ പോയാൽ ആദ്യം പറയുക അയ്യേ… ആ പെണ്ണിന്റെ മീശ കണ്ടോ എന്നായിരിക്കും. പിന്നീട് അതിനെ ചുറ്റിപ്പറ്റി പുച്ഛത്തോടെയുള്ള കമന്റുകൾ. അവരൊടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ.
മീശയിരിക്കുന്നത് എന്റെ മുഖത്തല്ലേ അതിൽ നിങ്ങൾക്കെന്താണ് കുഴപ്പം– പിന്നെ ഒന്നുകൂടി പറയാനുണ്ട് ‘മീശ എന്റെ മുഖത്തല്ലേ, സ്വന്തം കെട്ട്യോനില്ലാത്ത വിഷമം നിങ്ങൾക്കുവേണ്ട’ എന്ന നിലപാടാണ് ഷൈജയ്ക്ക്. എന്തായാലും മീശക്കാരിയുടെ ഫോട്ടെയെ നിരവധി പേർ അഭിനന്ദിച്ചും കളിയാക്കിയും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കളിയാക്കലുകൾ ഷൈജ മൈൻഡാക്കാറില്ല