1998ൽ പുറത്തിറങ്ങിയ ‘മീനത്തിൽ താലികെട്ടി’ലെ മാലതി, 99-ൽ പുറത്തിറങ്ങിയ ‘ചന്ദാമാമ’യിലെ മായ, രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ. പക്ഷേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കര്‍ എന്നാണ് യഥാര്‍ത്ഥ നാമം. പക്ഷേ സിനിമയിൽ വന്നപ്പോള്‍ സുലേഖ എന്ന് പേരുമാറ്റുകയുണ്ടായി. ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളിൽ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്.
മൂവി മുൻഷി, മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് ഗ്രൂപ്പുകളിലാണ് നടിയുടെ ഏറ്റവും പുതിയ വിശേഷം വന്നിരിക്കുന്നത്. സുലേഖയെ പറ്റി വർഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യൻ വിമൻസ് അസോസിയേഷന്‍റെ മാഗസിനിൽ ‘എ ഹിഡൻ സ്റ്റാർ’ എന്ന തലക്കെട്ടിൽ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമൽ ജോൺ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്‍മെഗ്‍നോട്ട്സ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴെന്നും മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് ഗ്രൂപ്പിൽ അറിയിച്ചിരിക്കുകയാണ്.