സാമൂഹിക അകലമെന്നതുപോലെ മാസ്‌കും മനുഷ്യ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. മാസ്‌ക് നിർബന്ധമായും അണിയണമെന്ന നിർദേശമെത്തിയതോടെ സാഹചര്യത്തോട് പൊരുത്തപ്പെടാൻ എല്ലാവരും പഠിച്ചുകഴിഞ്ഞു. ഇപ്പോൾ മാസ്കുകളിലെ ഫാഷൻ വൈവിധ്യമാണ് ശ്രദ്ധേയമാകുന്നത്. പ്രത്യേകം രൂപ കല്പന ചെയ്ത തന്റെ മാസ്‌ക് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി.
സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്ക് ആണ് രമേഷ് പിഷാരടി അണിഞ്ഞിരിക്കുന്നത്. മാസ്‌ക് അണിയുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ മുഖത്തിന്റെ ചിത്രത്തോട് കൂടിയ മാസ്‌ക് ആണ് വിപണി കീഴടക്കുന്നത്. അടുത്തിടെ, കസവ് തുണികൊണ്ടുള്ള മാസ്‌കിന്റെ ചിത്രം ശശി തരൂർ എം പിയും പങ്കുവെച്ചിരുന്നു. ഓണത്തിനുള്ള മാസ്‌ക് തയ്യാറായി കഴിഞ്ഞു എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്.