ലോക്ക് ഡൗണില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നുള്ളത് നിര്‍ബന്ധമായ കാര്യമാണ്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കര്‍ശനമായി നിര്‍ദേശിക്കുന്നുമുണ്ട്. അതേസമയം, ലോക്ക് ഡൗണില്‍ അടിവസ്ത്രം ധരിക്കാതെ വീടിന് പുറത്തിറങ്ങിയ യുവാവിനെ കൈയ്യോടെ പിടികൂടിയ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.
കാഞ്ഞിരപ്പള്ളിയിലെ പോലീസ് പരിശോധനയ്ക്കിടെയാണ് സംഭവം. പാചക വാതക വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്ന യുവാവാണ് പോലീസിന്റെ മുന്നിലകപ്പെട്ടത്. സെന്റ് ഡൊമിനിക്ക്‌സ് കോളേജിനടുത്ത ബസ് സ്റ്റോപ്പില്‍ മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നത് കണ്ട പോലീസ് യുവാവിനെ ഒന്ന് വിരട്ടാനുള്ള ഉദ്ദേശ്യത്തിലാണ് ‘പുറത്തിറങ്ങുമ്പോള്‍ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് ചോദിച്ചത്. എന്നാല്‍, യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ. അപ്പോള്‍ ‘ഇന്നര്‍’ ധരിക്കാന്‍ വിട്ടുപോയി.’
മാസ്‌കിനെ പറ്റിയാണ് എസ്‌ഐ ചോദിച്ചതെന്ന് മനസ്സിലാക്കാതെ യുവാവ് ഉടനെ തന്നെ ഇന്നര്‍ ധരിക്കാത്ത കാര്യം പറയുകയായിരുന്നു. ഇതോടെ വിരട്ടല്‍ ഭാവത്തിലായിരുന്ന പോലീസുകാരും പരിസരം മറന്ന് ചിരിച്ചു. താന്‍ ഇന്നര്‍ ധരിക്കാത്ത കാര്യം പോലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്‌ഐ ഗൗരവത്തോടെ തന്നെ തുടര്‍ന്നു. ‘ആ… അതും വേണം. പക്ഷെ, ഇപ്പോള്‍ അതിലും അത്യാവശ്യം മുഖത്ത് മാസ്‌ക് ആണ്. ഓര്‍മ്മ വേണം.’ താക്കീത് നല്‍കി പോലീസ് പോയി.