ഇപ്പോഴിതാ, ഒരു യാചകന്റെ ജീവിതവും മരണവുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കർണാടകയിലെ ബല്ലാരി ജില്ലയിൽ ജീവിച്ചിരുന്ന ഹുച്ച ബസ്യ മാനസിക വൈകല്യമുള്ള വ്യക്തി ആയിരുന്നു. എന്നാൽ ആരെയും ഉപദ്രവിക്കാതെ യാതൊരു ശല്യവുമില്ലാതെ തെരുവിൽ ഭിക്ഷതേടിയാണ് അയാൾ കഴിഞ്ഞിരുന്നത്. ബസവ എന്നാണ് യഥാർത്ഥ പേര്.
എന്നാൽ ശനിയാഴ്ച വാഹനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. മാനസിക വൈകല്യമുള്ള ഒരു യാചകനെ സംബന്ധിച്ച് ആട്ടിയോടിക്കലുകളാണ് പ്രധാനമായും നേരിടേണ്ടി വരിക. എന്നാൽ, ബസ്യയുടെ കാര്യത്തിൽ അങ്ങനെയല്ല.
ആ പട്ടണത്തിലെ ജനങ്ങളുമായി ബസ്യയ്ക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് ഭിക്ഷ കൊടുത്താൽ ഭാഗ്യമുണ്ടാകുമെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു. ബസ്യ അത്രയും ജനപ്രിയനാകാൻ കാരണം അയാളുടെ ഒരു പ്രത്യേക രീതിയിലുള്ള ഭിക്ഷാടനം ആണ്. എല്ലാവരിൽ നിന്നും ഒരു രൂപ മാത്രമാണ് ഭിക്ഷയായി വാങ്ങുന്നത്.
കൂടുതൽ പണം വാങ്ങാൻ ആളുകൾ നിർബന്ധിച്ചാലും അയാൾ നിരസിക്കും. അങ്ങനെ ആർക്കും ശല്യമില്ലാതെ ഒരു യാചകൻ. മാത്രമല്ല, എല്ലാവരെയും അച്ഛൻ എന്ന അർത്ഥമുള്ള അപ്പാജി എന്നാണ് ബസ്യ അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
നഗരത്തിലുടനീളം ആളുകൾ ബാനറുകൾ സ്ഥാപിച്ചു. ബാൻഡ് വാദ്യമേളങ്ങളോടെ ഘോഷയാത്രയായി അദ്ദേഹത്തിന്റെ മൃതദേഹം റോഡുകളിൽ പ്രദർശനം നടത്തി. ആ കാഴ്ചകളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.