രാഹുൽ പണിക്കർ, ഒരു പക്ഷെ നിങ്ങൾ ഈ പേര് ഇതിന് മുൻപ് കേട്ടിട്ടുണ്ടാവില്ല. പക്ഷെ പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ അഭിമാന താരമാണ് ഈ കൊച്ചിക്കാരൻ. നിലവിലെ 70 കിലോഗ്രാം വിഭാഗം ദേശീയ പഞ്ചഗുസ്തി ചാമ്പ്യനാണ് രാഹുൽ പണിക്കർ.
അടുത്തിടെ തന്റെ കിരീട നേട്ടങ്ങളുടെ പട്ടികയിൽ ഒരു പുത്തൻ പൊൻതൂവൽ കൂടെ രാഹുൽ പണിക്കർ ചേർത്തു, ലോകത്തെ ഏറ്റവും ശക്തനായ ബോഡിബിൽഡറെ മലർത്തിയടിച്ച്. ലോകത്തെ ഏറ്റവും ശക്തനായ ബോഡി ബിൽഡർ എന്ന ഖ്യാതിയുള്ള ലാറി വീൽസിനെയാണ് രാഹുൽ പണിക്കർ പഞ്ചഗുസ്തിയിൽ തോല്പിച്ചത്.
ദുബായിൽ സംഘടിപ്പിച്ച സൂപ്പർമാച്ചിൽ എളുപ്പമായിരുന്നില്ല രാഹുൽ പണിക്കരുടെ വിജയം. ആദ്യ രണ്ട് റൗണ്ടുകളിലും ലാറി വീൽസിനായിരുന്നു വിജയം. എന്നാൽ പിന്നീടുള്ള 3 റൗണ്ടുകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചാണ് രാഹുൽ പണിക്കർ വിജയക്കൊടി പാറിച്ചത്. മത്സരത്തിന്റെ വീഡിയോ രാഹുൽ പണിക്കർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.