മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാള്‍. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. പ്രതിഭയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ലാളിത്യം കൊണ്ട് ആരുടേയും മനസലിയിക്കുന്ന വ്യക്തിത്വമാണ് ചിത്ര. മലയാളികള്‍ക്ക് അവര്‍ ചിത്രചേച്ചിയാകുന്നത് അതുകൊണ്ട് കൂടിയാണ്.
1979 ല്‍ അട്ടഹാസം എന്ന ചിത്രത്തിലെ എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിലൂടെയാണ് ചിത്ര മലയാള സിനിമയുടെ പിന്നണി ഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. പക്ഷെ ആ ചിത്രം പുറത്തിറങ്ങാന്‍ ഒരു കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ നവംബറിന്റെ നഷ്ടം എന്ന പത്മരാജന്‍ ചിത്രത്തിലെ അരികിലോ അരികിലോ എന്ന ഗാനം പുറത്തിറങ്ങി.
1983 ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടിയമ്മയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി അവസരങ്ങള്‍ ഒഴുകിയെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15000 ലധികം പാട്ടുകള്‍ ഇതിനോടകം പാടിയിട്ടുണ്ട് ചിത്ര.
നാല് പതിറ്റാണ്ടിനിടെ ആറ് വട്ടം ചിത്രയെ തേടി ദേശീയ പുരസ്കാരം എത്തി. 1986 ല്‍ പുറത്തിറങ്ങിയ സിന്ധുഭെെരവിയിലെ പാടറിയെ പഠിപ്പറിയെ എന്ന ഗാനത്തിലൂടെയായിരുന്നു ആദ്യ പുരസ്കാരമെത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനത്തിലുടെ രണ്ടാമത്തെ പുരസ്കാരവും.
പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.