ഷാർലിൻ കൺസ്യൂഗ്ര എന്ന് പേരുള്ള സ്ത്രീയും തന്റെ വളർത്തുപൂച്ചയും തമ്മിലുള്ള ബന്ധം ഇത്തരത്തിലുള്ളതാണ്. പക്ഷെ ഒരു ദുർബല നിമിഷത്തിൽ വളർത്തുപൂച്ച ഷാർലിനെ മാന്തി. ഇതോടെ വളർത്തുപൂച്ചയുടെ നഖങ്ങൾ വെട്ടാൻ തന്നെ ഷാർലിൻ തീരുമാനിച്ചു. വേറെ വഴിയില്ലാതെ വഴങ്ങിക്കൊടുക്കുന്ന വളർത്തുപൂച്ചയുടെ വീഡിയോ ആണ് ടിക്ക് ടോക്കിൽ ചിരി പടർത്തുന്നത്.
ഒരു മിനിറ്റ് ദൈർഖ്യമുള്ള വിഡിയോയിൽ ഒരു കയ്യിൽ പൂച്ചയേയും മറുകയ്യിൽ നെയിൽ കട്ടറുമായി ഇരിക്കുന്ന ഷാർലിനെ കാണാം. അല്പം ദേഷ്യത്തിലാണ് ഷാർലിൻ. “നീ എന്നെ എത്ര കടിക്കാൻ ശ്രമിച്ചാലും എനിക്കൊന്നുമില്ല, നീ എന്നെ മാന്തിയില്ലേ? അതുകൊണ്ട് നിന്റെ നഖം ഞാൻ വെട്ടുന്നു” എന്നും പറഞ്ഞ് പൂച്ചയുടെ നഖം വെട്ടുകയാണ് ഷാർലിൻ. ഇടക്കിടയ്ക്ക് ഷാർലിൻ തന്റെ നഖം വെട്ടുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പൂച്ച ശ്രമിക്കുന്നുണ്ട്. ആദ്യം കൈ തടയാൻ ശ്രമിക്കുന്നു, പിന്നീട് ദയനീയമായി ഒരു ശബ്ദം പുറപ്പെടുവിക്കുന്നു. പക്ഷെ ഇതിലൊന്നും ഷാർലിൻ്റെ മനസ്സലിയുന്നില്ല.
ഒടുവിൽ ഒരു അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് പൂച്ച ഷാർലിൻ്റെ മുഖത്തുനോക്കി ചീറുന്നത് കാണാം. പക്ഷെ പൂച്ചയ്ക്ക് അതെ നാണയത്തിലാണ് ഷാർലിൻ മറുപടി കൊടുക്കുന്നത്. ഷാർലിനും തിരിച്ച് ചീറി, ഒപ്പം “എനിക്കും ഇത് ചെയ്യാൻ പറ്റും” എന്നൊരു ഡയലോഗും. പെട്ടന്ന് എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ പാടുപെട്ട പൂച്ചയുടെ മുഖഭാവം ചിരി പടർത്തുന്നതാണ്. എന്തായാലും ഇന്റർനെറ്റിൽ ഷാർലിനും വളർത്തുപൂച്ചയും തമ്മിലുള്ള സംഭാഷണം കയ്യടി നേടി.