ഏതൊരു യൂട്യൂബറും ആഗ്രഹിക്കുന്നരീതിയിലാണ് അര്‍ജുന്‍ സുന്ദരേശന്റെ വീഡിയോകള്‍ വൈറലായത്. ഒപ്പം ഓരോ നിമിഷവും കുതിച്ചുയരുന്ന സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും. അര്‍ജ് യൂ (Arjyou) എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ടിക് ടോക് റോസ്റ്റിങ് വീഡിയോകളാണ് അര്‍ജുന്‍ സുന്ദരേശനെ ദിവസങ്ങള്‍ക്കുള്ളില്‍ വൈറലാക്കിയത്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ തോന്നിയ പുതിയ ആശയവും അത് തന്റേതായ രീതിയില്‍ അവതരിപ്പിച്ചുമാണ് അര്‍ജുന്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടിയത്.
രണ്ട് വര്‍ഷം മുമ്പ് തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ലെന്ന് ഈ ആലപ്പുഴക്കാരന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് വ്യത്യസ്തമായ എന്തെങ്കിലും വീഡിയോകള്‍ അപ് ലോഡ് ചെയ്താലോ എന്ന് ആലോചിച്ചത്. അങ്ങനെ വീഡിയോ ഗെയിമുകളെക്കുറിച്ചും ടിക് ടോക് വീഡിയോകളെ ട്രോളിയുമുള്ള വീഡിയോകള്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ആളുകള്‍ ഇഷ്ടപ്പെട്ടതോടെ ഫെയ്‌സ്ബുക്കിലും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ യൂ ട്യൂബ് ട്രോളനായ ഉബൈദ് ഇബ്രാഹിമും അര്‍ജുന്റെ വീഡിയോ ഷെയര്‍ ചെയ്തു.
വീഡിയോകള്‍ വ്യാപകമായി ഷെയര്‍ ചെയ്തതോടെ Arjyou എന്ന യൂ ട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും കുതിച്ചു. അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ പേരാണ് അര്‍ജുന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. മണിക്കൂറുകള്‍ കൊണ്ട് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുതിച്ചുയരുകയും ചെയ്തു. യൂ ട്യൂബിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചു. വെറും തമാശ മാത്രം ലക്ഷ്യംവെച്ചാണ് താന്‍ ഈ വീഡിയോകള്‍ ചെയ്യുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ട്രോള്‍, തമാശയായി മാത്രം ഇതിനെ കണ്ടാല്‍ മതി. തനിക്ക് തിരിച്ച് കിട്ടുന്ന ട്രോളുകളില്‍ വിഷമമില്ലെന്നും കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് അറിയാമെന്നും അര്‍ജുന്‍ പറയുന്നു.
ആദ്യം ചെയ്ത വീഡിയോകളില്‍ ചിലരെ വേദനിപ്പിച്ചെന്ന പരാതി ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും മനഃപൂര്‍വ്വമായിരുന്നില്ല. ഇനിയുള്ള വീഡിയോകളില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കും. താനും തന്റെ സുഹൃത്തുക്കളുമാണ് ടിക് ടോക് വീഡിയോകള്‍ തിരഞ്ഞെടുക്കുന്നത്. ചില സബ്‌സ്‌ക്രൈബേഴ്‌സും വീഡിയോകള്‍ അയച്ചുതരും. അതില്‍ ചില ഭാഗങ്ങള്‍ എടുത്ത് മാത്രമാണ് ട്രോളിന് ഉപയോഗിക്കുന്നത്. സാധാരണരീതിയില്‍ വീഡിയോയെക്കുറിച്ച് സംസാരിക്കുന്നത് മാത്രം മതിയെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. എന്തായാലും അത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. നിരവധി പോസിറ്റീവും നെഗറ്റീവുമായ പ്രതികരണങ്ങള്‍ ലഭിച്ചു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടിയതോടെ ഇനി വീഡിയോകളുടെ നിലവാരം കാത്തുസൂക്ഷിക്കേണ്ടത് വലിയ ഉത്തരവാദിത്തമാണെന്നും അര്‍ജുന്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ പോസ്റ്റ് ചെയ്ത നാല് വീഡിയോകളും ഇതിനോടകം ഒരു മില്യണിലധികം തവണയാണ് ആളുകള്‍ കണ്ടത്. അര്‍ജുന്റെ വീഡിയോകള്‍ വൈറലായതോടെ ഇതേപേരില്‍ തന്നെ നിരവധി വ്യാജ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും തലപൊക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാംവര്‍ഷ ബിഎ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ സുന്ദരേശന്‍. യൂ ട്യൂബും ട്രോളുമൊക്കെ ഉണ്ടെങ്കിലും സിനിമയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ അര്‍ജുന്റെ സ്വപ്നം. നേരത്തെ ചില ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനിലെ എസ്.ഐയായ സുന്ദരേശനാണ് പിതാവ്. അമ്മ ലസിത പഞ്ചായത്ത് സെക്രട്ടറിയാണ്. ഏക സഹോദരന്‍ അനുരാജ് ആലപ്പുഴ എസ്ഡി കോളേജില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും. വീഡിയോകള്‍ കണ്ടിട്ട് വീട്ടുകാരെല്ലാം ഇതുവരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഇത്രയുംപേര്‍ വീഡിയോ കാണുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.