കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെട്ടത് ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണെന്നും ദിലീപിന് നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും തെളിയിക്കാനുള്ള പ്രോസിക്യൂഷൻ ശ്രമങ്ങൾക്ക് അനുകൂലമായി പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. മൊഴി മാറ്റാതെ ആദ്യം നൽകിയ മൊഴിയിൽ തന്നെ ഉറച്ചു നിന്നാണ് കുഞ്ചാക്കോ ബോബൻ മൊഴിമാറ്റിയ സാക്ഷികൾക്ക് മാതൃകയായത്.
സാക്ഷി വിസ്താരത്തിന്റെ വേളയിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടി ബിന്ദു പണിക്കരും ആദ്യം നൽകിയ മൊഴി തിരുത്തി ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബൻ ദിലീപിന് എതിരായ തന്റെ മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. നേരത്തേ രണ്ട് തവണ ഹാജരാകാത്തതിനെ തുടർന്ന് കുഞ്ഞാക്കോ ബോബനെതിരെ വിചാരണ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നേരിട്ട് ഹാജരായതോടെ വാറന്റ് പിൻവലിച്ചിട്ടുണ്ട്.
അന്വേഷണസംഘത്തിന് നൽകിയ മൊഴി കുഞ്ചാക്കോ എറണാകുളം അഡീഷണൽ സെഷൻസ് കോടതിലെ വിസ്താരവേളയിലും ആവർത്തിച്ചു. ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ മുൻഭാര്യ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിൽ നിന്ന് നായകനായ താൻ പിന്മാറണമെന്ന തരത്തിൽ ദിലീപ് പറഞ്ഞിരുന്നുവെന്ന് കോടതിയിലും കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്നാൽ താൻ പിന്മാറാൻ തയ്യാറായില്ലെന്നും നടൻ മൊഴി നൽകി.
2017 ഡിസംബറിൽ കുഞ്ചാക്കോ ബോബൻ പോലീസിന് നൽകിയ മൊഴി ഇങ്ങനെ: 20 വർഷത്തോളമായി നടനായും നിർമ്മാതാവായും താൻ മലയാള സിനിമയിലുണ്ട്. സിനിമാ സംഘടനകളുടെ തലപ്പത്തുളള, ഈ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമുളള വ്യക്തിയാണ് തന്റെ സുഹൃത്തുകൂടിയായ ദിലീപ്. അമ്മയുടെ ട്രഷറർ ആയിരുന്ന തന്നെ മാറ്റി അപ്രതീക്ഷിതമായാണ് ദിലീപ് ആ സ്ഥാനം ഏറ്റെടുത്തത്.
ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യർ ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിൽ താനായിരുന്നു നായകൻ. അവർ മോഹൻലാലിന്റെ നായികയായി തിരിച്ചെത്തുന്നുവെന്നായിരുന്നു ആദ്യം അറിഞ്ഞത്.ആ ചിത്രം നടന്നില്ല. സംവിധായകനായ റോഷൻ ആൻഡ്രൂസാണ് തന്നെ നായകനാക്കിയത്. താൻ അഭിനയിക്കുന്ന സിനിമകളിൽ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. അക്കാര്യത്തിൽ താൻ അഭിപ്രായം പറയാറില്ല.
ഒരു ദിവസം രാത്രി ദിലീപ് വിളിച്ചിരുന്നു. ആ സിനിമയെപ്പറ്റി ചോദിച്ചു. അതിൽ അഭിനയിക്കരുത് എന്ന ധ്വനിയോടെ സംസാരിച്ചു. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനാണ് താൻ ഡേറ്റ് കൊടുത്തതെന്ന് മറുപടി നൽകി. മഞ്ജുവാര്യരുടെ പടം എന്ന രീതിയിൽ സിനിമയെ കണ്ടിട്ടില്ലെന്നും പറഞ്ഞു.
അഭിനയിക്കരുതെന്ന് ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും സൗഹൃദത്തിന്റെ പേരിൽ അങ്ങനെ ചെയ്യാം. പക്ഷേ ദിലീപ് അങ്ങനെ ആവശ്യപ്പെടണമെന്ന് താൻ പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്യാൻ ദിലീപ് തയ്യാറായില്ല. താൻ സ്വയം പിൻമാറണമെന്ന രീതിയിലാണ് ദിലീപ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. കസിൻസ് എന്ന ചിത്രത്തിൽ നിന്നും മഞ്ജു വാര്യരെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴി നൽകി.
കേസിൽ പ്രത്യേക കോടതി ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. വനിതാ ജഡ്ജിയാണ് വാദം കേൾക്കുന്നത്. കേസിൽ ഇതുവരെ 36 പേരെ വിസ്തരിച്ചു.