മഞ്ച് സ്റ്റാർ സിംഗർ ജൂനിയറിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് ഗായിക ആതിര മുരളിയുടേത്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നു ആതിര മുരളി. ഫൈനൽ വരെയെത്തിയ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്.
താൻ വിവാഹിതയാകാൻ പോവുകയാണെന്ന വിവരമാണ് ആരാധകരുമായി പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ ആതിര പങ്കുവച്ചത്. ഒരുമിച്ചായിട്ട് ഏഴുവർഷം എന്ന ക്യാപ്‌ഷനിലൂടെയാണ് ഭാവി വരൻ ജയേഷിന് ഒപ്പമുള്ള വിവാഹ നിശ്ചയചടങ്ങിന്റെ വീഡിയോ ആതിര ഷെയർ ചെയ്തത്.
നിരവധിപ്പേരാണ് ആതിരക്ക് ആശംസയുമായെത്തിയിരിക്കുന്നത്. സരിഗമപ താരങ്ങളും പഴയ മഞ്ച് സ്റ്റാർസിംഗേഴ്സും ആതിരക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഈ കുട്ടി ഇത്രയും വലുതായോ എന്ത് പെട്ടന്നാണ് വർഷങ്ങൾ കടന്നുപോകുന്നത് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. അഞ്ചാം വയസ്സു മുതൽ സംഗീതം ആതിരയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കരം തുടങ്ങി നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്.