എന്റെ മാനസപുത്രി എന്ന ഒറ്റ സീരിയലിലൂടെ കേരളത്തിലെ കുടുംബപ്രേക്ഷകരുടെയെല്ലാം മാനസപുത്രിയായ താരമാണ് ശ്രീകല ശശിധരൻ. പരമ്പരയിലെ ശ്രീകല അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി ചെന്നിരുന്നു. അതിന് ശേഷം നിരവധി സീരിയലുകളിൽ ശ്രീകല എത്തിയെങ്കിലും വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.
ഇപ്പോൾ തന്റെ മകൾക്കൊപ്പമുള്ള ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ് ശ്രീകല. സാൻവിത എന്നാണ് ശ്രീകലയുടെ മോളുടെ പേര്. ഇത് സാൻവിത, ഇതാണ് പുതിയ ആള്, ഇപ്പോൾ നാല് മാസമായി, സാൻവി എന്ന് വിളിക്കും- ശ്രീകല വീഡിയോയിൽ പറയുന്നു. സാംവേദ് എന്നാണ് ശ്രീകല- വിപിൻ ദമ്പതികളുടെ ആദ്യത്തെ കൺമണി.
ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് ശ്രീകല. ആദ്യത്തേത് മോനാണല്ലോ, അപ്പോൾ രണ്ടാമത്തെയാൾ മോളായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായതിൽ സന്തോഷം. പ്രാർഥന എന്റെ ദൈവം കേട്ടു- മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീകല പറഞ്ഞത് ഇങ്ങനെയാണ്.
അനിയത്തിയുടെ വരവിൽ മോൻ വലിയ സന്തോഷത്തിലാണ്. ആദ്യം ചെറിയ അമ്പരപ്പ് ഉണ്ടായിരുന്നെങ്കിലും പതിയെപ്പതിയെ അവളോടൊപ്പമായി എപ്പോഴും എന്നും ശ്രീകല പറഞ്ഞിരുന്നു. മോൾ വളർന്ന ശേഷം ഇനി അഭിനയം നോക്കാമെന്നും ശ്രീകല പറഞ്ഞിരുന്നു.